ലഖ്നൗ: കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഇടതുപക്ഷവുമായി യാതൊരു അകല്‍ച്ചയില്ലെന്നും പ്രിയങ്ക പറയുന്നു. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഇടതുപക്ഷവുമായി ഒരു അകല്‍ച്ച സൃഷ്ടിച്ചുവെന്ന വാദങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. ഇടതുപക്ഷവുമായി അകല്‍ച്ചയില്ലെന്നും ഒപ്പം സഹകരിക്കുന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം തീരുമാനിക്കുകയൊള്ളൂവെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
അമേഠിയിലും വയനാട്ടിലും രാഹുല്‍ ഗാന്ധി മികച്ച വിജയം നേടുമെന്ന കാര്യത്തില്‍ തനിക്ക് നല്ല ആത്മവിശ്വാസമുണ്ട്. റെക്കോഡ് ഭൂരിപക്ഷം നേടുമെന്നും പ്രതീക്ഷിക്കുന്നു-പ്രിയങ്ക വ്യക്തമാക്കി. ഇരു മണ്ഡലങ്ങളിലും വിജയിച്ചാല്‍ വയനാട് മണ്ഡലം ഒഴിവാക്കുമോ എന്ന ചോദ്യത്തിന് തീരുമാനം രാഹുലിന്റേതാണ് എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.
തീരുമാനം രാഹുലിന്റേത്, അദ്ദേഹത്തിന്റെ മനസ്സിലുള്ളത് എന്താണെന്ന് അറിയില്ല, പ്രിയങ്ക പറയുന്നു. സമയമാകുമ്പോള്‍ രാഹുല്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. അമേഠിയില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് അക്കാര്യം ഇതുവരെ ചര്‍ച്ച ചെയ്തില്ലെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. എന്നാല്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടാല്‍ അമേഠിയില്‍ തീര്‍ച്ചയായും മത്സരിക്കുമെന്നും അവര്‍ വെളിപ്പെടുത്തി.
രാജ്യത്തിന് വിനാശകരമായ ആശയം ഉള്ള ബിജെപിയാണ് കോണ്‍ഗ്രസിന്റെ മുഖ്യശത്രു. എല്ലാവരെയും ഒപ്പം ചേര്‍ക്കുന്ന ആശയമല്ല ബിജെപിയുടേത്. വേദനയും കഷ്ടപ്പാടുകള്‍ക്കും ഇടയാക്കുന്നതാണ് ബിജെപിയുടെ ആശയമെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
Discussion about this post