ഭോപ്പാല്‍: കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരെ പോലും അത്ഭുതപ്പെടുത്തിയ നാടകീയ രംഗങ്ങള്‍ ആയിരുന്നു നടന്നത്. ദീര്ഘനാളിനു ശേഷം നേരില്‍കണ്ടപ്പോള്‍ ഉമാ ഭാരതി, ജൂനിയര്‍ സാധ്വി പ്രജ്ഞാ സിങിന്റെ കൈപിടിച്ച്, തലകുനിച്ചു തൊഴുതു. മാത്രമല്ല, താന്‍ വെറുമൊരു പ്രാണിയാണെന്നും, പ്രജ്ഞ മഹതിയായ സന്യാസിനിയാണെന്നും വരെ പത്രക്കാരോട് പറഞ്ഞു.
ഉമാ ഭാരതിയുടെ സ്വന്തം ലോക്സഭാ മണ്ഡലമായിരുന്ന ഭോപ്പാലില്‍ ഇത്തവണ പ്രജ്ഞാ സിങ് ആണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി. ശിഷ്ടജീവിതം ഗംഗാതീരത്ത് ധ്യാനവും പ്രാര്‍ത്ഥനയുമായി കഴിയാനാണ് താത്പര്യമെന്ന് പ്രഖ്യാപിച്ച ഉമാ ഭാരതി ഇത്തവണ മത്സരിക്കാനില്ല. എന്നാല്‍ ഭോപ്പാലില്‍ പ്രജ്ഞാ സിങിന്റെ രാഷ്ട്രീയവളര്‍ച്ചയില്‍ ഉമാഭാരതിക്ക് കൊതിക്കെറുവുണ്ടെന്നാണ് മാധ്യമങ്ങള്‍ പറഞ്ഞുപരത്തിയത്. ഇന്നലത്തെ കെട്ടിപ്പിടിത്തവും പൊട്ടക്കരച്ചിലും കഴിഞ്ഞതോടെ എല്ലാം തീര്‍ന്നു.
ഭോപ്പാലില്‍ ഉമാ ഭാരതിയുടെ പിന്തുടര്ച്ചക്കാരിയാകുമോ പ്രജ്ഞാ സിങ് എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു ഉമയുടെ മറുപടി. ദയവായി എന്നെയും പ്രജ്ഞയെയും താരതമ്യപ്പെടുത്തരുതെന്നും ഉമ ഭാരതി മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.
Discussion about this post