പൂനെ: മൂന്നാംഘട്ട തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ പോളിങ് ബൂത്തിലെത്തിയത് ഒരു കുടുംബത്തിലെ 27 അംഗങ്ങള്‍. പൂനെയിലാണ് സംഭവം. മഹാരാഷ്ട്രയിലെ ഏറ്റവും പുരാതന കുടുംബമായ ബോസ്ലെ കുടുംബത്തിലെ അംഗങ്ങളാണ് കൂട്ടത്തോടെ എത്തിയത്. ഇവരുടെ കൂട്ടായ്മ ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിച്ചു. തങ്ങളുടെ കുടുംബം താമസിക്കുന്നത് ഒരുമിച്ചാണെന്നും അതുകൊണ്ട് തന്നെയാണ് ഒരുമിച്ച് വോട്ട് ചെയ്യാന്‍ എത്തിയതുമെന്ന് ഇവര്‍ പറയുന്നു. അത് തങ്ങളുടെ പാരമ്പര്യമാണെന്നും കുടുംബത്തിലെ മുതിര്‍ന്നയാളായ പാര്‍വ്വതിഭായ് ബോസ്ലെ പറയുന്നു.
95 വയസാണ് പാര്‍വ്വതിഭായ് ബോസ്ലെയുടെ പ്രായം. കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ ആള് ആണ് ഇത്. 26 വയസുള്ള നിരഞ്ജന് ആണ് കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാള്‍. ആറ് സഹോദരന്മാരും അവരുടെ മക്കളും മരുമക്കളും അടങ്ങിയതാണ് ബോസ്ലെയുടെ കുടുംബം. എല്ലാ തെരഞ്ഞെടുപ്പിലും കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തുമെന്നും പാര്‍വ്വതിഭായുടെ മകന് ജയ് സിംഗ് ബോസ്ലെ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം അയല്ക്കാര്ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ബോസ്ലെ കുടുംബം അടുത്തിടെ ബോധവല്‍ക്കരണവും നടത്തിയിരുന്നു. വീല്‍ ചെയറില്‍ ആണെങ്കിലും മുടങ്ങാതെ അവര്‍ വോട്ട് ചെയ്യാന്‍ പോകാറുണ്ടെന്നും ജയ് സിംഗ് പറഞ്ഞു. കുടുംബത്തിലെ എല്ലാവരും ഒന്നിച്ച് വോട്ട് ചെയ്യാന്‍ പോകുന്നത് മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് പാര്‍വ്വതിഭായ് ബോസ്ലെ കൂട്ടിച്ചേര്‍ത്തു. ഇവരുടെ ഒത്തൊരുമയും രാജ്യത്തോടുള്ള കടമയും മാതൃകാപരമാണെന്ന് കൂടിനിന്നവരും ഉദ്യോഗസ്ഥരും പറയുന്നു.
Discussion about this post