ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ന്യൂഡല്‍ഹിയില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. തലസ്ഥാനത്തെ സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തിറക്കി. ബിജെപി വക്താവ് മീനാക്ഷി ലേഖി ന്യൂഡല്‍ഹി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകും.
മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബിജെപി ടിക്കറ്റില്‍ ഈസ്റ്റ് ഡല്‍ഹിയില്‍ നിന്ന് മത്സരിക്കും. ഈസ്റ്റ് ഡല്‍ഹി ബിജെപിയുടെ സിറ്റിങ് സീറ്റാണ്, ഇവിട നിന്നാണ് ഗംഭീര്‍
മണ്ഡലത്തില്‍ നിന്നാവും കന്നി തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ വിധി തേടുന്നത്.
അരവിന്ദ് കെജ്രിവാളിനൊപ്പം ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മഹേഷ് ഗിരിയായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയിലെ രാജ് മോഹന്‍ ഗാന്ധിയെ 1,90,463 വോട്ടിനാണ് ഗിരി പരാജയപ്പെടുത്തിയത്. മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകനും സിറ്റിങ് എംപിയുമായ സന്ദീപ് ദീക്ഷിത് ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു.
ഇക്കുറി എ.എ.പിയുടെ അതിഷി മര്‍ലെനയും മുന്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനും മുന്‍ മന്ത്രിയുമായ അരവിന്ദര്‍ സിങ് ലവ്ലിയുമാണ് ഗംഭീറിന്റെ എതിരാളികള്‍. കോണ്‍ഗ്രസ് നേതാവ് എച്ച്കെഎല്‍ ഭഗത് നാലു തവണ ജയിച്ച മണ്ഡലമാണിത്. ബിജെപിയുടെ ലാല്‍ ബിഹാരി തിവാരി തുടര്‍ച്ചയായി മൂന്ന് തവണയും വിജയിച്ചു.
ഇന്ത്യയ്ക്കുവേണ്ടി 58 ടെസ്റ്റും 147 ഏകദിനങ്ങളും 37 ടിട്വന്റിയും കളിച്ച താരമാണ് ഗംഭീര്‍. ആറ് ഏകദിനങ്ങളില്‍ ഇന്ത്യയെ നയിച്ചിട്ടുമുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകനായിരുന്നു. ഗംഭീര്‍ കഴിഞ്ഞ മാസമാണ് ബിജെപിയില്‍ ചേര്‍ന്നത്.
നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ മനോജ് തിവാരിയും വെസ്റ്റ് ഡല്‍ഹിയില്‍ പ്രവേഷ് വര്‍മയും സൗത്ത് ഡല്‍ഹിയില്‍ രമേഷ് ബിദുരിയും ചാന്ദ്നി ചൗക്കില്‍ കേന്ദ്രമന്ത്രി ഹര്‍ഷ്വര്‍ദ്ധനും മത്സരിക്കും. ആറാം ഘട്ടമായ മെയ് പന്ത്രണ്ടിനാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ്.
Discussion about this post