ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ലൈംഗികാരോപണ വിവാദത്തില്‍ ചീഫ് ജസ്റ്റിസിന് പിന്തുണയുമായി സുപ്രീംകോടതി ജീവനക്കാരുടെ സംഘടന. സുപ്രീംകോടതിയെ അപകീര്‍ത്തിപ്പെടുത്താനാണ് ആരോപണമെന്ന് ജീവനക്കാരുടെ സംഘടന പറഞ്ഞു. ആരോപണം കെട്ടിച്ചമച്ചതെന്നും എല്ലാ ജീവനക്കാരും ഒറ്റക്കെട്ടായി ചീഫ് ജസ്റ്റിസിന് ഒപ്പമാണെന്നും ജീവനക്കാരുടെ സംഘടന വ്യക്തമാക്കി.
അതിനിടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ലൈംഗികാരോപണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിക്ക് പുറത്ത് പ്രതിഷേധം നടന്നിരുന്നു. മൂന്ന് അഭിഭാഷകരാണ് പ്രതിഷേധിച്ചത്.
ചീഫ് ജസ്റ്റിസിന് എതിരായുള്ള ലൈംഗികാരോപണത്തില്‍ സ്വതന്ത്ര അന്വേഷണം വേണം എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച അഭിഭാഷകരെ നിമിഷങ്ങള്‍ക്കുള്ളില്‍ സുരക്ഷാ ജീവനക്കാര്‍ അവിടെ നിന്ന് മാറ്റുകയും ചെയ്തിരുന്നു.
Discussion about this post