ന്യൂഡല്‍ഹി: ആയിരക്കണക്കിന് ജനങ്ങളെ വഞ്ചിച്ച റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ് അമ്രപാളിക്ക് എതിരെ മുന്‍ ഇന്ത്യന്‍ നായകന് എംഎസ് ധോണി സുപ്രീംകോടതിയില്‍. ആറു വര്‍ഷം ബ്രാന്റ് അംബാസഡറായി പ്രവര്‍ത്തിച്ചതിന് പ്രതിഫലമായി ലഭിക്കേണ്ട 40 കോടി രൂപയ്ക്കായാണ് ധോണി പരമോന്നത കോടതിയിലെത്തിയിരിക്കുന്നത്.
അമ്രപാളി ഗ്രൂപ്പിനായി 2009 മുതല്‍ ജനങ്ങള്‍ക്കിടയില്‍ വിവിധ പ്രവര്‍ത്തനങ്ങളാണ് ധോണി നടത്തിയത്. 2016ല്‍ കമ്പനിക്കെതിരെ ആയിരക്കണക്കിന് ഉപയോക്താക്കള്‍ ഫ്ളാറ്റും വീടും നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്കി പണം കൈപ്പറ്റി വഞ്ചിച്ചെന്ന പരാതിയുമായി രംഗത്തെത്തിയതോടെയാണ് ധോണി ബ്രാന്റ് അംബാസഡര്‍ സ്ഥാനം ഒഴിഞ്ഞത്. ധോണിയുടെ ഭാര്യ സാക്ഷിയും ഈ കമ്പനിയുടെ സന്നദ്ധസേവന പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചിരുന്നു. അമ്രപാളി ഗ്രൂപ്പിന്റെ വീടുകളും ഫ്ളാറ്റുകളും വാങ്ങാനായി പണം നല്കി വഞ്ചിക്കപ്പെട്ട 46,000ത്തോളം പേരുടെ ഹര്‍ജിക്കൊപ്പമാണ് ധോണിയും ഹര്‍ജി നല്‍കിയിരിക്കുന്നത്. ലഭിക്കാനുള്ള പ്രതിഫലത്തിന്റെ പലിശയ്ക്ക് തുല്ല്യമായ ഭൂമിയെങ്കിലും തനിക്കായി നീക്കിവെയ്ക്കണമെന്ന് റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പിനോട് ആവശ്യപ്പെടണമെന്നും ധോണി ഹര്‍ജിയില്‍ പറയുന്നു.
കമ്പനിക്കായി നിരവധി പരസ്യങ്ങളില്‍ മാര്‍ക്കറ്റിങ് ഫേസ് ആയി ധോണിയെ ഉപയോഗപ്പെടുത്തിയ അമ്രപാളി ഗ്രൂപ്പ് 38.95 കോടി രൂപയാണ് ആറുവര്‍ഷത്തെ കരാര്‍ പ്രകാരം കൈമാറാനുള്ളത്. 22.53 കോടി അഡ്വാന്‍സായി നല്‍കേണ്ടതായിരുന്നെന്നും ബാക്കിയുള്ള 16.42 കോടിയും അതിന്റെ 18ശതമാനം വാര്‍ഷിക പലിശയും കണക്കാക്കിയാല്‍ 40 കോടിയോളം തുകയാണ് കമ്പനി നല്കാനുള്ളതെന്നും ധോണിയുടെ ഹര്‍ജിയില്‍ പറയുന്നു.
പ്രശസ്തമായ അമ്രപാളി ഗ്രൂപ്പ് ആയിരക്കണക്കിന് ഉപഭോക്താക്കളെയാണ് വഞ്ചിച്ചത്. ഈ കേസില്‍ അറസ്റ്റിലായ കമ്പനിയുടെ തലവന്‍ അനില്‍ ശര്‍മ്മയേയും ഡയറക്ടര്‍മാരായ ശിവ് പ്രിയയേയും അജയ് കുമാറിനേയും സുപ്രീംകോടതി ഫെബ്രുവരി 28ന് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
Discussion about this post