ന്യൂഡല്‍ഹി: ആറുവട്ടം കൂടെ നിന്ന ഗാന്ധി നഗറില്‍ നിന്നും 91ാം വയസില്‍ ബിജെപിയുടെ ഉരുക്കുമനുഷ്യന് എന്നറിയപ്പെട്ടിരുന്ന എല്‍കെ അദ്വാനിക്ക് നിര്‍ബന്ധിത പടിയിറക്കം. 1998 മുതല്‍ തുടര്‍ച്ചയായി അഞ്ചുവട്ടം ഗാന്ധിനഗര്‍ കൂടെ നിന്നത് എല്കെയ്ക്ക് ഒപ്പം തന്നെ. എന്നാല്‍ ഇനി ഗാന്ധി നഗറില്‍ നിന്നും ഈ പേര് ഉയര്‍ന്നു കേള്‍ക്കില്ല. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍, ഗാന്ധിനഗറില്‍ നിന്നും മത്സരക്കളത്തിലേക്ക് ഇറങ്ങുന്നത് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായാണ്. ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നല്‍കാതെ വന്നതോടെ ബിജെപിയുടെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ പ്രധാനിയായ അദ്വാനി രാഷ്ട്രീയ വിസ്മൃതിയിലേക്ക് മടങ്ങുമോ എന്നാണ് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്. രണ്ടാംഘട്ട പട്ടികയില്‍ വേറെ ഏതെങ്കിലും മണ്ഡലത്തില്‍ പരിഗണിച്ചില്ലെങ്കില്‍ ബിജെപിയിലെ ഒരു യുഗത്തിന് തന്നെ അവസാനമാകും. പതിനഞ്ചാം വയസ്സില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണ് രാഷ്ട്രീയ രംഗത്തേക്ക് അദ്വാനി പ്രവേശിച്ചത്. പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറം ഒട്ടേറെ നേട്ടങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊക്കെ ഒടുവില്‍ തൊണ്ണൂറ്റി ഒന്നാം വയസ്സില്‍ പടിയിറങ്ങിയേക്കാം.
ലാല്‍ കൃഷ്ണ അദ്വാനിയെന്നാല്‍, ഒരുപാട് കാലം ബിജെപിയ്ക്ക് പാര്‍ലമെന്റിലും ദേശീയരാഷ്ട്രീയത്തിലും ഒരു മേല്‍വിലാസമായിരുന്നു. എബി വാജ്പേയി-എല്‍കെ അദ്വാനി കൂട്ടുകെട്ട് മോഡി-അമിത് ഷാ സഖ്യത്തേക്കാള്‍ പ്രധാനമായിരുന്നു രാഷ്ട്രീയ രംഗത്തില്‍. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളായ വാജ്പേയി-അദ്വാനി സഖ്യത്തിന്റെ ബലത്തിലായിരുന്നു ബിജെപി നിലനിന്നത്. 1984ല്‍ ലോക്സഭയില്‍ കേവലം രണ്ടു സീറ്റ് നേടിയ ബിജെപിയെ 1991ല്‍ നൂറ് കടത്തി, 1996ല്‍ അധികാരത്തിലെത്തിച്ചതിനു പിന്നിലെ ബുദ്ധികേന്ദ്രം അദ്വാനിയായിരുന്നു. വാജ്പേയി പ്രധാനമന്ത്രിയായപ്പോള്‍ അദ്വാനി ഉപപ്രധാനമന്ത്രി. പ്രധാനമന്ത്രി പദം കറങ്ങിത്തിരിഞ്ഞ് അദ്വാനിയുടെ അടുത്തെത്തിയപ്പോഴേക്കും ശിഷ്യനുവേണ്ടി വഴി മാറേണ്ടിവന്നു. വാജ്പേയിയെ മരണം കവര്‍ന്നപ്പോള്‍ അദ്വാനിയാകട്ടെ മത്സരിക്കാന്‍ മണ്ഡലം പോലും ലഭിക്കാതെ രാഷ്ട്രീയ വിസ്മൃതിയുടെ പടി വാതില്ക്കലും.
കഴിഞ്ഞ അഞ്ച് വര്‍ഷവും ലോക്സഭയില്‍ മൗനിയായി എല്ലാത്തിനും സാക്ഷ്യം വഹിക്കുകയായിരുന്നു അദ്വാനി. ഒരിക്കല്‍ പോലും സഭയില്‍ സംസാരിച്ചില്ല. എങ്കിലും എല്ലാ ദിവസവും സഭയിലെത്തുന്ന കൃത്യതയുള്ള പാര്‍ലമെന്റേറിയനാകാന്‍ ശ്രദ്ധ പുലര്‍ത്തി.
ഒരുകാലത്ത്, അദ്വാനിയുടെ വിശ്വസ്ത ശിഷ്യനായിരുന്നു ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ശേഷം, മോഡിയും അമിത് ഷായും പാര്‍ട്ടിയുടെ മുഖമായപ്പോഴേക്കും അദ്വാനി യുഗം ഒട്ടുമുക്കാലും അവസാനിച്ചിരുന്നു. പരസ്യമായി അമര്‍ഷം കാണിക്കാന്‍ ഇടക്കാലത്ത് ശ്രമിച്ചെങ്കിലും മോഡി തരംഗവും പ്രായത്തിന്റെ അവശതകളും അദ്വാനിയെ മൗനിയാക്കി. പല വേദികളില്‍ നിന്നും പിന്മാറി. പാര്‍ട്ടിയുടെ സംഘടനാസംവിധാനത്തിന് കീഴടങ്ങിയ അദ്വാനിയെ അനുനനയിപ്പിക്കാന്‍ ആര്‍എസ്എസ് എന്നുമുണ്ടായിരുന്നു.
Discussion about this post