എത്യോപ്യന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ കെനിയയിലേക്ക് വിനോദയാത്ര പോയ ആറ് ഇന്ത്യക്കാരും; ആറുപേരും ഒരു കുടുംബത്തിലെ അംഗങ്ങള്‍

സൂറത്ത്: എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്ന് കൊല്ലപ്പെട്ടവരില്‍ ആറ് ഇന്ത്യക്കാര്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരണം. നേരത്തെ യുഎന്‍ ഉദ്യോഗസ്ഥ ഉള്‍പ്പടെ നാല് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഗുജറാത്തിലെ വഡോദരയില്‍ നിന്നുള്ള ഒരു കുടുംബത്തിലെ ആറുപേരുമുണ്ടെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചത്. വിനോദയാത്രയ്ക്കായി നെയ്‌റോബിയിലേക്ക് തിരിച്ച കുടുംബമാണ് അപകടത്തില്‍പെട്ടത്.

പനഗേഷ് വൈദ്യ (71), ഭാര്യ ഹന്‍സിനി വൈദ്യ(64), മകന്‍ പ്രേരിത് ദീക്ഷിത്(40), മരുമകള്‍ കോഷ(37), മക്കളായ അഷ്‌ക(16),അനുഷ്‌ക(13) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗുജറാത്തില്‍ നിന്നും 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാനഡയിലേക്ക് കുടിയേറിയതായിരുന്നു പ്രേരിത് ദീക്ഷിതും ഭാര്യയും. പിന്നീട് പ്രേരിത് മാതാപിതാക്കളേയും കാനഡയിലേക്ക് കൊണ്ടുപോയി. ഇത്തവണത്തെ അവധിക്കാലം ആഘോഷമാക്കാനാണ് കുടുംബസമേതം ഇവര്‍ കെനിയയിലേക്ക് തിരിച്ചത്. യാത്ര ദുരന്തപര്യവസാനിയാകുമെന്ന് ആരും കരുതിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

അതേസമയം, വിദേശകാര്യ മന്ത്രാലയം തങ്ങളെ ബന്ധപ്പെട്ടിരുന്നെന്നും എല്ലാ സഹായവും വാഗ്ദാനം ചെയ്‌തെന്നും കെനിയയിലെ ഇന്ത്യന്‍ എംബസിയും സഹായ വാഗ്ദാനങ്ങളുമായി സമീപിച്ചെന്നും കുടുംബം വെളിപ്പെടുത്തി. മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുകയാണെന്നും എംബസി അറിയിച്ചതായി കൊല്ലപ്പെട്ട കോഷയുടെ ബന്ധുവായ മര്‍ക്കേഷ് മെഹ്ത പറഞ്ഞു.

ഞായറാഴ്ചയുണ്ടായ വിമാനാപകടത്തില്‍ 22 യുഎന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 157 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ 35 രാജ്യങ്ങളിലെ പൗരന്മാരാണ് ഉള്ളത്. 8 ജീവനക്കാര്‍ ഉള്‍പ്പടെ 157 യാത്രക്കാരുമായി ബോള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ബോയിങ് 737 മാക്‌സ് 8 ജെറ്റ് വിമാനം നിമിഷങ്ങള്‍ക്കകം തകര്‍ന്നുവീഴുകയായിരുന്നു.

Exit mobile version