രണ്ട് ഇന്ത്യന്‍ പൈലറ്റുമാരെ പിടികൂടിയെന്ന് പാകിസ്താന്‍; തെളിവായി വീഡിയോകളും നിരത്തി; നിഷേധിച്ച് ഇന്ത്യ; എല്ലാവരും സുരക്ഷിതരെന്ന് വാദം

ന്യൂഡല്‍ഹി: ഇന്ത്യ നല്‍കിയ പുല്‍വാമയ്ക്കുള്ള മറുപടിക്ക് പിന്നാലെ ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ അതീവ സംഘര്‍ഷാവസ്ഥ. ഇരുരാജ്യങ്ങളും പോര്‍വിമാനങ്ങള്‍ പറത്തി മുന്നറിയിപ്പുകള്‍ നല്‍കിയത് യുദ്ധസമാനമായ അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനിടെ പാക് യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ ബോംബ് വര്‍ഷിച്ചു. തിരിച്ചടിച്ച ഇന്ത്യ പാകിസ്താന്റെ എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ടു.

ഇതിനു പിന്നാലെ, അതിര്‍ത്തി ലംഘിച്ച രണ്ട് ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്ന അവകാശവാദവുമായി പാകിസ്താന്‍ രംഗത്തെത്തി. ഇന്ത്യയുടെ ഒരു യുദ്ധവിമാനം അതിര്‍ത്തിയിലാണ് തകര്‍ന്നു വീണതെന്നും രണ്ട് ഇന്ത്യന്‍ പൈലറ്റുമാരെ പിടികൂടിയെന്നും പാകിസ്താന്‍ സൈന്യവും ഡോണ്‍ പത്രവും ട്വീറ്റിലൂടെ അവകാശപ്പെട്ടു. പിടികൂടിയ ഇന്ത്യന്‍ പൈലറ്റിന്റേതെന്ന പേരില്‍ വീഡിയോയും പാക് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

എന്നാല്‍ പാകിസ്താന്റെ വാദങ്ങളെ നിഷേധിച്ച ഇന്ത്യ, പാകിസ്താന്റേത് അടിസ്ഥാനമില്ലാത്ത അവാശവാദമാണെന്നും രണ്ട് വിമാനങ്ങളെ പാകിസ്താന്‍ വെടിവെച്ചിട്ടിട്ടില്ലെന്നും ഇന്ത്യന്‍ സൈനികരെല്ലാം സുരക്ഷിതരാണെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.

അതേസമയം, രജൗരിയിലും നൗഷേരയിലും പാകിസ്താന്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ നിയന്ത്രണരേഖ ലംഘിച്ചെന്ന് ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ സൈനിക ഹെലികോപ്റ്റര്‍ കാശ്മീരില്‍ തകര്‍ന്നു വീണ് രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. സാങ്കേതിക തകരാറാണ് കാരണമെന്ന് സൈന്യം വിശദീകരിക്കുന്നു.

Exit mobile version