കൊല്‍ക്കത്ത: കൊല്‍ക്കത്ത പോലീസ് കമ്മീഷണറെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പ്രതിഷേധിച്ച് മെട്രോ ചാനലില്‍ ധര്‍ണ്ണ തുടരുകയും ചെയ്യുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി. മോഡിയും ബിജെപിയും രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് മേല്‍ അധീശത്വം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബംഗാളിലെ സംഭവവികാസങ്ങളെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.
‘മമതാ ബാനര്‍ജിയുമായി സംസാരിച്ചിരുന്നു. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രതിപക്ഷ കക്ഷികളെല്ലാം ഈ ഫാസിസ്റ്റ് നടപടിക്കെതിരെ അവരോടൊപ്പം നില്‍ക്കും’.
ഇന്നലെ രാത്രിയോടെയാണ് ബംഗാളില്‍ അസാധാരണമായ സംഭവങ്ങള്‍ അരങ്ങേറിയത്. കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ കൈയ്യേറ്റം ചെയ്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു ബംഗാള്‍ പോലീസ്.
ചിട്ടി തട്ടിപ്പുകേസുകളിലെ തെളിവുകളെ കുറിച്ച് വ്യക്തമായി അറിയാവുന്ന രാജീവ് കുമാറിനോട് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് നിരവധി തവണ നോട്ടീസ് കൈമാറിയെങ്കിലും രണ്ടു വര്‍ഷമായി ഒഴിഞ്ഞു മാറുകയാണെന്നാണ് സിബിഐ ആരോപണം.