ജമ്മു: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാകിസ്താന് വീണ്ടും ആക്രമണം നടത്തി. ഇന്ത്യന്‍ ബ്രിഗേഡ് ആസ്ഥാനത്തിനു നേരെ പാക് റേഞ്ചേഴ്സ് ഷെല്ലാക്രമണം നടത്തിയതായി സേന വക്താവ് അറിയിച്ചു. ഇന്ത്യന്‍ ബ്രിഗേഡ് ആസ്ഥാനത്തേക്ക് തെറിച്ചു വീണ ഷെല്‍ പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ അപകടം ഒന്നും ഉള്ളതായി റിപ്പോര്‍ട്ട് ഇല്ല.
പാകിസ്താന് സേന ചൊവ്വാഴ്ച രാത്രി ഗ്രനേഡുകളും ചെറു വെടികോപ്പുകളും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പ്രയോഗിച്ചതായി ജമ്മുവിലെ സേനാ വക്താവ് ലഫ് കേണല്‍ ദേവേന്ദ്ര ആനന്ദ് അറിയിച്ചു. ഷെല്ലാക്രമണത്തെ തുടര്‍ന്ന് പൂഞ്ചിലെ മോട്ടി മഹലിലുള്ള ബ്രിഗേഡ് ആസ്ഥാനത്ത് സ്ഫോടനവും തീപിടുത്തവുമുണ്ടാവുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച രജൗരി സെക്ടറില്‍ നുഴഞ്ഞുകയറിയ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു സൈനികരും രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ ഇന്ത്യ പാക് സൈനിക ഉദ്യോഗസ്ഥരെ വിളിപ്പിച്ചിരുന്നു.
Discussion about this post