ചെന്നൈ: ഗ്രാമത്തിലെ സാധാരണക്കാരായ ആട്ടിടയ ദമ്പതികളുടെ മകന് ഐഎഎസ്! അതും 74ാം റാങ്ക് നേടി സിവില്‍സര്‍വീസ് പരീക്ഷയില്‍ യുവാവ് ഉന്നത വിജയം നേടിയെന്നു കൂടി കേട്ടാലോ? സ്വീകരണമൊരുക്കല്‍ സ്വാഭാവികം. എന്നാല്‍ എല്ലാ സ്വീകരണങ്ങള്ക്കും വാഴ്ത്തലുകള്‍ക്കും ഒടുവില്‍ യുവാവിന് സിവില്‍ സര്‍വീസ് ലഭിച്ചില്ലെന്ന് അറിഞ്ഞ ഞെട്ടലിലാണ് തിരുവള്ളൂരിലെ ജനങ്ങള്‍.
സിവില്‍ സര്‍വീസ് ലഭിച്ചെന്ന് അവകാശപ്പെട്ട് സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ തിരുവള്ളൂരിലുള്ള യുവരാജ് എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. വ്യാജ അവകാശവാദവുമായി സാധാരണക്കാരായ വീട്ടുകാരെയും നാട്ടുകാരെയുമാണ് യുവാവ് വിദഗ്ധമായി കബളിപ്പിച്ചത്. നിര്‍ധനനായ ആട്ടിടയന്റെ മകനായ യുവരാജിന്റെ വിജയം നാട്ടുകാര്‍ വലിയ ആഘോഷമാക്കിയിരുന്നു. ക്ഷണം ലഭിച്ചതിന്റെ ഭാഗമായി സന്തോഷം പ്രകടിപ്പിച്ച് യുവാവ് മധുര പോലീസ് കമ്മിഷണര്‍ ഡേവിഡ്സണ് ദേവാശിര്വാദത്തെ കാണാനെത്തിയതോടെയാണ് കള്ളി വെളിച്ചത്തായത്.
യുവരാജിന്റെ സിവില്‍ സര്‍വീസ് വിജയം ആഘോഷമാക്കി തിരുമംഗലത്ത് നടന്ന ഒരു പാര്‍ട്ടിക്കിടെ ചില പോലീസുകാരാണ് മധുര കമ്മീഷണറെ നേരില്‍ കാണാന്‍ നിര്‍ദേശിച്ചത്. ഇതുപ്രകാരം യുവരാജ് കഴിഞ്ഞദിവസം കമ്മീഷണറുടെ ഓഫീസിലെത്തി. കുശലാന്വേഷണത്തിനിടെ യുവരാജിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഡേവിഡ്സണ് ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയായിരുന്നു. പരീക്ഷയുടെ വിവരങ്ങളും തിരക്കി.
74-ാം റാങ്ക് നേടിയെന്നായിരുന്നു യുവരാജിന്റെ അവകാശവാദം. സംസാരിച്ച് കൊണ്ടിരിക്കെ തന്നെ ലാപ്ടോപ്പില്‍ സിവില്‍ സര്‍വീസ് വിജയികളുടെ വിവരങ്ങള്‍ തിരഞ്ഞ കമ്മീഷണര്‍ യുവരാജ് പരീക്ഷയില്‍ ജയിച്ചിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാളിത് സമ്മതിച്ചു.
വീട്ടുകാരെ കബളിപ്പിക്കുന്നതിന് വേണ്ടി ജയിച്ചുവെന്ന വ്യാജരേഖകളുണ്ടാക്കിയെന്നും ഒരു ഹോട്ടല്‍ ഉടമയില്‍നിന്ന് 80,000 രൂപ തട്ടിച്ചെടുത്തതായും ഇയാള്‍ വെളിപ്പെടുത്തി. തുടര്‍ന്ന് പോലീസ് യുവരാജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Discussion about this post