കൊപ്പൽ: സർക്കാർ സ്കൂളിന്റെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകി പത്താംക്ലാസുകാരി. കർണാടകയിലെ കൊപ്പലിലെ ശ്രി ഡി ദേവരാജ് പ്രീ മെട്രിക് ഗേൾസ് ഹോസ്റ്റലിലാണ് സംഭവം. ബുധനാഴ്ച രാവിലെയാണ് 16 വയസ് പ്രായമുള്ള വിദ്യാർത്ഥിനി ആൺകുഞ്ഞിന് ജന്മം നൽകിയത്. സംഭവത്തിൽ കുകന്നൂർ പൊലീസ് പോക്സോ വകുപ്പുകൾ അനുസരിച്ച് 23കാരനെതിരെയും മറ്റ് ആറു പേർക്കെതിരെയും കേസ് എടുത്തു.
ഹോസ്റ്റലിലെ ജീവനക്കാർ, അധ്യാപകർ, ആരോഗ്യ പ്രവർത്തക അടക്കമുള്ള ആറ് പേർക്കെതിരെയാണ് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയതിന് കേസ് എടുത്തിട്ടുള്ളത്. ജില്ലാ ശിശു സംരക്ഷണ ഓഫീസർ മഹന്ത് സ്വാമിയാണ് എഫ്ഐആർ ഫയൽ ചെയ്തിട്ടുള്ളത്. രാവിലെ 5.30ഓടെ ഹോസ്റ്റലിൽ വിദ്യാർത്ഥിനി കുഞ്ഞിന് ജന്മം നൽകിയതായി ഹോസ്റ്റൽ ജീവനക്കാരാണ് സഖി കേന്ദ്രത്തിൽ വിളിച്ച് അറിയിച്ചത്.