ന്യൂഡല്‍ഹി: വാഹനങ്ങളിലേയ്ക്ക് എണ്ണ പകരുവാന്‍ പെട്രോള്‍ പമ്പുകളില്‍ ഉപയോഗിച്ച് വരുന്ന കറുത്ത പൈപ്പുകള്‍ നീക്കം ചെയ്ത് പകരം ട്രാന്‍സ്പെരന്റ് പൈപ്പുകള്‍ ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി.
രാജ്യവ്യാപകമായി നടക്കുന്ന പെട്രോള്‍ പമ്പുകളിലെ തട്ടിപ്പ് തടയണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയില്‍ അഭിഭാഷകനായ അമിത് സാഹ്നി പൊതുതാപര്യ ഹര്‍ജ്ജി നല്‍കിയിരിക്കുന്നത്. പണം നല്കുന്ന പൊതുജനമായ തങ്ങള്‍ക്ക് കണ്ടും ബോധ്യപ്പെടണം എന്നാണ് ഉയര്‍ത്തുന്ന ആവശ്യം. പമ്പുകളില്‍ ഫില്ലിങ്ങിനായി ഉപയോഗിക്കുന്ന കറുത്ത പൈപ്പുകള്‍ മാറ്റി ട്രാന്സ്പരന്റായാല് എണ്ണ വാഹന ടാങ്കുകളിലേക്ക് വരുന്നത് ഉപഭോക്താവിന് കാണുവാന്‍ സാധിക്കും.
മീറ്ററില്‍ അളവ് കൃത്യമായി കാണിക്കുമെങ്കിലും വാഹനത്തില്‍ ആനുപാതികമായ എണ്ണ എത്തിയിട്ടുണ്ടാകാറില്ലെന്നും അതുകൊണ്ടുതന്നെ ഈ രീതിക്ക് മാറ്റമുണ്ടാകണമെന്നും ഹര്‍ജിയില്‍ ഉന്നയിക്കുന്നു. റിമോട്ടുകള്‍ ഉപയോഗിച്ചും, മൈക്രോ ചിപ്പുകളുപയോഗിച്ചും പമ്പുടമകള്‍ ഉപഭോക്താക്കളെ വഞ്ചിക്കുന്ന നിരവധി കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടികാണിക്കുന്നുണ്ട്.
Discussion about this post