തിരുനെല്‍വേലി: അച്ഛന്റെ പേര് ജോസഫ് സാമി എന്ന് ആയതിനാല്‍ എസ് സി വിഭാഗത്തില്‍ നിന്നുള്ള യുവാവിനും യുവതിക്കും ക്ഷേത്രത്തിനുള്ളില്‍ വിവാഹത്തിന് അനുമതി നിഷേധിച്ചു. നടപടി വിവാദമായതിന് പിന്നാലെ വിവാഹം ക്ഷേത്രത്തിനുള്ളില്‍ വച്ച് നടത്താന്‍ അനുമതി നല്‍കി തമിഴ്‌നാട് ഹിന്ദു മത, ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പ്.
സംസ്ഥാനത്തെ ക്ഷേത്രഭരണം നിയന്ത്രിക്കുന്ന ഹിന്ദു മത, ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പ് ജെ ഗോപാല്‍ സാമി, ജി മഞ്ജു എന്നിവരുടെ വിവാഹത്തിനാണ് അനുമതി നിഷേധിച്ചത്.
ജൂണ്‍ 24ന് സമര്‍പ്പിച്ച അപേക്ഷയില്‍ അപേക്ഷകരുടെ രക്ഷിതാക്കളുടെ പേര് ക്രിസ്ത്യന്‍ പേരുകളാണെന്ന് കാണിച്ചായിരുന്നു അനുമതി നിഷേധിച്ചത്. പാളയംകോട്ടെയിലെ മേല്‍വാസല്‍ ബാലസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലാണ് സംഭവം.
എസ് സി വിഭാഗമായ ഹിന്ദു പുതിരെവണ്ണാര്‍ വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു അപേക്ഷകര്‍. എസ് സി വിഭാഗത്തിലുള്ളവര്‍ ക്രിസ്തുമത വിശ്വാസം പിന്തുടരുകയാണെങ്കില്‍ പിന്നോക്ക വിഭാഗ സര്‍ട്ടിഫിക്കറ്റാണ് ലഭിക്കുക. ഗോപാല്‍ സാമിയുടെ പിതാവിന്റെ പേര് ജോസഫ് സാമിയെന്നതാണ് അപേക്ഷ നിരസിക്കാന്‍ കാരണമായത്.
Discussion about this post