നവി മുബൈ: അനാഥാലയത്തിന് മുന്‍പില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് പോയ മാതാപിതാക്കളെ കണ്ടെത്തി. നവി മുബൈയില്‍ ഒരു അനാഥാലയത്തിന് മുന്നിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നു കളഞ്ഞത്. കുഞ്ഞിനെ കിടത്തിയ ബാസ്‌കറ്റില്‍ കുട്ടിക്കുള്ള ഭക്ഷണവും തുണിയുമെല്ലാം വെച്ചിരുന്നു. ഇതിന് പുറമെ കുഞ്ഞിനൊപ്പം ഒരു കുറിപ്പുമുണ്ടായിരുന്നു.
കുഞ്ഞിനെ ഉപേക്ഷിക്കുന്നതില്‍ തങ്ങളോട് ക്ഷമിക്കണമെന്നും ഇപ്പോള്‍ കുട്ടിയെ നോക്കാന്‍ പറ്റുന്ന മാനസികമോ സാമ്പത്തികമോ ആയ അവസ്ഥയല്ലായെന്നും കുറിപ്പില്‍ പറയുന്നു. ‘ഒരു നാള്‍ അവളെ തിരികെ കൊണ്ടു പോകാന്‍ ഞങ്ങള്‍ വരും അതുവരെ അവളെ സുരക്ഷിതമായി നോക്കണം’ കുറിപ്പില്‍ പറയുന്നു.
പിന്നാലെ സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബുര്‍ഖ ധരിച്ചെത്തിയ യുവതിയുടെയും അവരെത്തിയ കാറിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പൊലീസ് മാതാപിതാക്കളെ കണ്ടെത്തുകയായിരുന്നു.
വീട്ടുകാരുടെ എതിര്‍പ്പുണ്ടാകുമെന്ന് കരുതി ഇവര്‍ രജിസ്റ്റര്‍ മാര്യേജ് ചെയ്തവരായിരുന്നു കുഞ്ഞിന്റെ മാതാപിതാക്കള്‍. ഇരുവരുടെയും കുടുംബത്തെ വിവരമറിയിച്ച ശേഷം കുട്ടിയെ തിരികെ നല്‍കാനാണ് പൊലീസ് തീരുമാനം.
Discussion about this post