ദില്ലി: ഓപ്പറേഷൻ സിന്ദൂറിന് ശേഷം രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ പുതിയ കരാറുമായി പ്രതിരോധ മന്ത്രാലയം. ഡ്രോൺവേധസംവിധാനങ്ങൾ ഉൾപ്പെടെ വാങ്ങാൻ രണ്ടായിരം കോടി രൂപയുടെ അടിയന്തര ആയുധ സംഭരണ കരാറിനാണ് അനുമതി.13 കരാറുകളിലൂടെ അന്ത്യാധുനിക സംവിധാനങ്ങൾ സേനയുടെ ഭാഗമാകും.
പാക് അതിർത്തിയിലടക്കം പ്രതിരോധസംവിധാനങ്ങൾക്ക് കൂടുതൽ കരുത്ത് നൽകാനാണ് പ്രതിരോധമന്ത്രാലയം പുതിയ കരാറിലേക്ക് എത്തുന്നത്. 2000 കോടിയുടെ ആയുധ സംഭരണത്തിനാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്. ഭീകരപ്രവർത്തനങ്ങൾക്ക് നടപടികൾ കടുപ്പിക്കാനാണ് ഊന്നൽ. ഡ്രോണുകളെ പ്രതിരോധിക്കാനും സൈനികരുടെ സുരക്ഷയും ആക്രമണശേഷിയും വര്‍ധിപ്പിക്കാള്ള പ്രതിരോധ ഇടപാടാണിത്.
കേന്ദ്രീകൃത ഡ്രോൺ വേധ സംവിധാനം, വ്യോമ ആക്രമണ പ്രതിരോധ സംവിധാനം, വിദൂര നിയന്ത്രിത നിരീക്ഷണ ഡ്രോണുകള്‍, കവചിത വാഹനങ്ങള്‍, തോക്കുകളില്‍ ഘടിപ്പിക്കാവുന്ന രാത്രിയിലും കാഴ്ച നല്‍കുന്ന നൈറ്റ് സൈറ്റ് സംവിധാനം എന്നിവയാണ് അടിയന്തരമായി വാങ്ങുന്നത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം അതിർത്തി മേഖലയിലെ പ്രതിരോധ സംവിധാനങ്ങളെ കുറിച്ച് വിശദമായ വിലയിരുത്തൽ സേനകൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംവിധാനങ്ങൾക്കായി കരാർ.
Discussion about this post