ന്യൂഡൽഹി:ജിപിഎസ് സിഗ്നലുകളിൽ തടസ്സം നേരിട്ടത് കാരണം ഡൽഹിയിൽ നിന്ന് ജമ്മു വഴി ശ്രീനഗറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ജമ്മു വിമാനത്താവളത്തിൽ ലാന്റ് ചെയ്യാതെ തിരികെ പറന്നു.
തിങ്കളാഴ്ച വൈകുന്നേരം പുറപ്പെട്ട ഐ.എക്സ് 2564 ആണ് ജമ്മുവിൽ ഇറങ്ങാതെ തിരികെ ഡൽഹിയിലേക്ക് തന്നെ മടങ്ങിയത്. വിമാനം ലാന്റ് ചെയ്യാൻ തയ്യാറെടുക്കുമ്പോഴാണ് ജിപിഎസ് സംവിധാനത്തിലെ സിഗ്നൽ പ്രശ്നം ശ്രദ്ധയിപ്പെട്ടത്.
തുടർന്ന് വിമാനം കുറച്ചുനേരം ജമ്മു വിമാനത്താവളത്തിന് മുകളിൽ വട്ടമിട്ട് പറന്നു. ഇതിന് ശേഷം വിമാനം ലാൻഡ് ചെയ്യാതെ ഡൽഹിയിലേക്ക് മടങ്ങാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു.
വിമാനത്തിലെ ജിപിഎസ് സിഗ്നലുകളിൽ തടസ്സം നേരിട്ടത് കാരണം മുൻകരുതലെന്ന നിലയ്ക്കാണ് വിമാനം തിരികെ പറന്നതെന്ന് കമ്പനി വക്താവ് പിന്നീട് അറിയിച്ചു. യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിട്ടുണ്ട്.
Discussion about this post