ന്യൂഡല്‍ഹി: കടുത്ത ചൂടില്‍ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എ സി ഇല്ലാത്ത വലഞ്ഞ് യാത്രക്കാർ. ശനി പുലര്‍ച്ചെ 12.45ന് ദുബായില്‍നിന്നും ജയ്പൂരിലേക്കു പോയ വിമാനത്തിലെ യാത്രക്കാർക്കാണ് ദുരനുഭവം.
ചൂടിൽ വലയുന്ന എയർ ഇന്ത്യയിലെ യാത്രക്കാരുടെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. അഞ്ച് മണിക്കൂറോളമാണ് യാത്രക്കാർ വിമാനത്തിൽ വിയർത്തോലിച്ചിരുന്നത്.
വിമാനത്തിൽ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിറയെ യാത്രക്കാരുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 7.25ന് ദുബായില്‍നിന്ന് പുറപ്പെടേണ്ട വിമാനം സാങ്കേതിക കാരണങ്ങളാല്‍ അഞ്ചര മണിക്കൂര്‍ വൈകിയിരുന്നു.
വിമാനത്താവളത്തിൽ നിന്നും വളരെ വൈകി വിമാനം പുറപ്പെടുമ്പോള്‍ തന്നെ എസി പ്രവര്‍ത്തിച്ചിരുന്നില്ല. ജയ്പൂരില്‍ ഇറങ്ങിയപ്പോഴേക്കും യാത്രക്കാര്‍ അവശരായിരുന്നു.
വിമാനത്തിലെ ക്രൂ അംഗങ്ങള്‍ ആരും ഇവരെ തിരിഞ്ഞുനോക്കിയില്ലെന്നും പരാതിപ്പെട്ടിട്ടും വിമാന ജീവനക്കാര്‍ ഇടപെട്ടില്ലെന്നും ചൂടില്‍ വലഞ്ഞ് കുടിവെള്ളത്തിനായി വിളിച്ചിട്ടും നല്‍കിയില്ലെന്നും പലരുടെയും ആരോഗ്യനില വഷളായതായും യാത്രക്കാർ പറയുന്നു. തുടർന്നാണ് യാത്രക്കാര്‍ വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
