ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരിൽ കൊച്ചി ഇടപ്പള്ളി സ്വദേശിയും. 68 വയസ്സുള്ള രാമചന്ദ്രനാണ് കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം ഇന്നലെയാണ് രാമചന്ദ്രൻ കാശ്മീരിലേക്ക് പോയത്. മറ്റു കുടുംബാംഗങ്ങൾ സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന വിവരം. ഇടപ്പള്ളി മോഡേൺ ബ്രെഡ് അടുത്ത് മങ്ങാട്ട് റോഡിലാണ് താമസിച്ചിരുന്നത്. മകൾ കഴിഞ്ഞ ദിവസമാണ് ദുബായിൽ നിന്ന് എത്തിയത്.
ഹൈദരാബാദ് സ്വദേശിയായ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ മനീഷ് രഞ്ജനും, കൊച്ചിയിലെ നേവി ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് വിനയ് നർവാളും ഭീകരാക്രമണത്തിൽ മരിച്ചതായാണ് റിപ്പോർട്ട്. കൊച്ചിയിലെ ഉദ്യോഗസ്ഥൻ ആയിരുന്നു ഹരിയാന സ്വദേശിയായ വിനയ് നർവാൾ. വിനയുടെ കല്യാണം ഏപ്രിൽ 16നാണ് കഴിഞ്ഞതെന്നാണ് വിവരം. വിനയ് നർവാളിനൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വിവരങ്ങൾ വ്യക്തമായിട്ടില്ല. ഭാര്യക്കും മക്കൾക്കും മുന്നിൽ വെച്ചാണ് ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായ മനീഷിന് വെടിയേറ്റത്. കുടുംബത്തോടൊപ്പം ലീവ് ട്രാവൽ കൺസഷനോടെ കശ്മീരിൽ യാത്ര വന്നതായിരുന്നു ബിഹാർ സ്വദേശിയായ മനീഷ്. ഐബിയുടെ ഹൈദരാബാദിലെ മിനിസ്റ്റീരിയൽ ഓഫിസിൽ ആണ് കഴിഞ്ഞ രണ്ട് വർഷമായി ജോലി ചെയ്തു വരികയായിരുന്നു.
Discussion about this post