ഗയ: കേന്ദ്രമന്ത്രി ജിതൻ റാം മഞ്ചിയുടെ കൊച്ചുമകൾ സുഷമാ ദേവിയെ ഭർത്താവ് വെടിവച്ച് കൊന്നു. സുഷമാ ദേവിയും ഭര്‍ത്താവ് രമേഷും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറഞ്ഞത്. ബുധനാഴ്ചയാണ് സംഭവം. അട്രി ബ്ലോക്കിലെ ടേറ്റ ഗ്രാമത്തിലെ വീട്ടിൽ സഹോദരിക്കും കുട്ടികൾക്കുമൊപ്പം ഇരിക്കുമ്പോഴാണ് ഭർത്താവ് ഇവരെ വെടിവച്ച് വീഴ്ത്തിയത്.
സംഭവത്തിൽ കേന്ദ്രമന്ത്രി പ്രതികരിച്ചിട്ടില്ല. ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് വന്ന സമയത്ത് ദമ്പതികൾ തമ്മിൽ തർക്കമുണ്ടായെന്നാണ് സുഷ്മ ദേവിയുടെ സഹോദരി വിശദമാക്കുന്നത്. വാക്കു തർക്കത്തിനിലെ രമേഷ് നാടൻ തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇയാൾ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
വെടിയൊച്ച കേട്ട് മറ്റൊരു മുറിയിലായിരുന്ന സഹോദരിയും സുഷമയുടെ മക്കളും എത്തുമ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ സുഷമയെ കണ്ടെത്തുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ ഇവർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പട്നയിൽ നിന്ന് വന്ന ശേഷമാണ് രമേഷ് അക്രമം നടത്തിയത്. വികാസ് മിത്രയിലെ ജീവനക്കാരിയായിരുന്നു സുഷമ. പട്നയിൽ ട്രക്ക് ഡ്രൈവറാണ് രമേഷ്. സംഭവത്തിൽ രമേഷിനെ കണ്ടെത്താനുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Discussion about this post