ന്യൂഡല്‍ഹി: വഖഫ് നിയമഭേദഗതിയില്‍ രാജ്യമൊട്ടാകെ വീടുകള്‍ കയറി പ്രചാരണത്തിന് ഒരുങ്ങി ബിജെപി. ഏപ്രില്‍ ഇരുപത് മുതല്‍ പഞ്ചായത്ത് തലം വരെ പ്രചാരണ പരിപാടികള്‍ നടത്താനാണ് തീരുമാനം. പ്രതിപക്ഷ പാര്‍ട്ടികള്‍ വഖഫ് നിയമഭേദഗതിക്കെതിരെ പ്രതിഷേധം കടുപ്പിക്കുമ്പോഴാണ് ഇത് ചെറുക്കാനുള്ള നീക്കത്തിന് ബിജെപിയും തയ്യാറെടുക്കുന്നത്.
പ്രചാരണപരിപാടികള്‍ക്കായി ദേശീയ തലത്തില്‍ ബിജെപി സമിതി രൂപീകരിച്ചു. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി രാധാമോഹന്‍ ദാസിന്റെ നേതൃത്വത്തിലുള്ള സമിതിയില്‍ അനില്‍ ആന്റണി, അരവിന്ദ് മേനോന്, ജമാല്‍ സിദ്ദിഖി എന്നിവര്‍ അംഗങ്ങളാണ്.
എല്ലാ മണ്ഡലങ്ങളിലും വീട് കയറി പ്രചാരണത്തിനാണ് നിര്‍ദ്ദേശം. സ്ത്രീകളെ ഉള്‍പ്പെടുത്തിയാവും പ്രചാരണ പരിപാടികള്‍ നടത്തുക. മുസ്ലിം വനിതകള്‍ക്കിടയില്‍ പ്രത്യേക പ്രചാരണവുമുണ്ടാകും. സംസ്ഥാന തലങ്ങളിലെ ശില്പശാല ഈ മാസം 15ന് തുടങ്ങും. പാര്‍ട്ടിയുടെ എല്ലാ എംപിമാരും എംഎല്‍എമാരും സ്വന്തം മണ്ഡലത്തില്‍ ചുരുങ്ങിയത് ഒരു പ്രചാരണയോഗത്തില്‍ എങ്കിലും പങ്കെടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
Discussion about this post