പുണെ; സൈനിക ജീവിതത്തിലെന്ന പോലെ സ്വന്തം ജീവിതത്തിലും ധീരതയും കരുണയും ധാര്‍മികതയും കാത്തുസൂക്ഷിച്ചയാളായിരുന്നു മേജര്‍ ശശിധരന് നായര്‍. അതിന് സാക്ഷ്യം അദ്ദേഹത്തിന്റെ വിവാഹ ജീവിതം തന്നെ.
ആറുവര്‍ഷം മുമ്പാണ് പുണെ സ്വദേശി തൃപ്തിയുമായി അദ്ദേഹത്തിന്റെ വിവാഹം നിശ്ചയിച്ചത്. സുഹൃത്തുക്കള്‍ വഴിയായിരുന്നു അവര്‍ കണ്ടുമുട്ടിയത്. ഇരുപത്താറുകാരിയായ എംസിഎ ബിരുദധാരി തൃപ്തിയും, ഇരുപത്തേഴുകാരനായ ആര്‍മി മേജര്‍ ശശിധരന് നായരും ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ പരസ്പരം ഷ്ടത്തിലായി.
പരിചയപ്പെട്ട് വെറും ആറുമാസങ്ങള്‍ക്കുള്ളില്‍ തന്നെ അവര്‍ തമ്മിലുള്ള വിവാഹ നിശ്ചയവും കഴിഞ്ഞു. ഇരുവരുടെയും കുടുംബാംഗങ്ങളുടെ അറിവോടെയായിരുന്നു വിവാഹനിശ്ചയം. വിവാഹത്തിന് ഒന്നരമാസംമുമ്പ് ഇരുകാലുകള്‍ക്കും ചലനശേഷി നഷ്ടപ്പെട്ട് തൃപ്തി തളര്‍ന്നുവീണു. കാലുകളുടെ ചലനശക്തി വീണ്ടെടുക്കുക അസാധ്യമാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അതോടെ വിവാഹം അനിശ്ചിതത്വത്തിലായി.
ശശിധരന് നായരുടെ വീട്ടുകാരെക്കാള്‍ കൂടുതലായി വിവാഹത്തോട് വിസമ്മതം പ്രകടിപ്പിച്ചത് തൃപ്തിയുടെ കുടുംബാംഗങ്ങളായിരുന്നു. യുവ സൈനികന്റെ ദാമ്പത്യജീവിതം നഷ്ടപ്പെടുത്താതിരിക്കാനുള്ള നിലപാടായിരുന്നു അത്. എന്നാല്‍, ശശിധരന് നായര്‍ ആ യുവതിയെത്തന്നെ ജീവിതസഖിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ ഒരു IED ബോംബ് പൊട്ടിത്തെറിച്ചപ്പോള്‍ ഇല്ലാതായത് അവരുടെ പ്രിയപ്പെട്ട ‘മേജര്‍ നായര്‍’ ആയിരുന്നു. LoC യിലെ നൗഷേറയില്‍ പട്രോളിംഗിനിടയിലായിരുന്നു റോഡരികില്‍ ഭീകരര്‍ സ്ഥാപിച്ച ഒരു ഇമ്പ്രൂവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (IED) ബോംബ്, മേജറിന്റെ പ്രാണനെടുത്തത്. മുപ്പത്തിമൂന്നുകാരനായ മേജര്‍ ശശിധരന് നായര്‍ പുണെയില്‍ സ്ഥിരതാമസമായിരുന്നു.
പുണെ വൈദ്യുത ശ്മശാനത്തില്‍ തന്റെ പ്രിയപ്പെട്ടവന്റെ ശരീരം എരിഞ്ഞൊടുങ്ങുമ്പോള്‍ പുറത്ത് അദ്ദേഹത്തിന്റെ പത്നി തന്റെ വീല്‍ ചെയറില്‍ അപ്രതീക്ഷിതമായ നഷ്ടം ഏല്‍പ്പിച്ച നടുക്കം വിട്ടുമാറാതെ മരവിച്ചിരുന്നു. ഒരുമാസത്തെ ലീവിനുശേഷം തൃപ്തിയുടെ ഭര്‍ത്താവ് തിരികെ അതിര്‍ത്തിയിലേക്ക് പുറപ്പെട്ടിട്ട് പത്തുദിവസം മാത്രമേ ആയിരുന്നുള്ളൂ.
ഇക്കഴിഞ്ഞ രണ്ടാം തീയതി മേജര്‍ ശശിധരന് നായര്‍ പുണെയിലെ വീട്ടില്‍ നിന്നും അതിര്‍ത്തിയിലേക്ക് പുറപ്പെടുമ്പോള്‍ പെട്ടെന്ന് തിരിച്ചു വരാമെന്ന് വാക്കുകൊടുത്തിട്ടാണ് പോയത്. അദ്ദേഹം തന്റെ വാക്കുപാലിച്ചു. പ്രതീക്ഷിച്ചിരുന്നതിലും നേരത്തെ അദ്ദേഹം തിരിച്ച് വീട്ടിലെത്തി. പക്ഷേ, തൃപ്തി കരുതിയിരുന്ന പോലെ അല്ല. ത്രിവര്‍ണ്ണ പതാകയില്‍ പൊതിഞ്ഞ്.. ഉയിരറ്റ്.. അദ്ദേഹം തന്റെ പത്നിയോടുള്ള വാഗ്ദാനം പാലിച്ചു.. തന്റെ രാജ്യത്തോടും…!
എന്നാല്‍ മേജര്‍ക്ക് കാശ്മീരിലേക്ക് പോസ്റ്റിങ്ങ് കിട്ടിയപ്പോള്‍ എന്തോ, തൃപ്തിയുടെ മനസ്സ് വല്ലാതെ പിടഞ്ഞു. അതിര്‍ത്തിയില്‍ നിന്നും ഫോണ്‍ ചെയ്തിരുന്നപ്പോഴൊക്കെ മേജര്‍ തൃപ്തിയോട് ‘ഞാന്‍ ഇതാ വരികയായി’ എന്ന് മാത്രമാണ് പറഞ്ഞുകൊണ്ടിരുന്നത്. ‘ഒക്കെ ഉടന്‍ ഒക്കെ ശരിയാവും. ഞാന്‍ നിന്നെ എന്റടുത്തേക്ക് കൊണ്ടുപോരും. നമ്മള് ഒന്നിച്ചു ജീവിക്കും… ‘ എന്ന് വാക്കുകൊടുത്തിരുന്നു അദ്ദേഹം. മാര്‍ച്ചില്‍ മേജര്‍ നായര്‍ ലെഫ്റ്റനന്റ് കേണല്‍ റാങ്കിലേക്ക് ഉയര്ത്തപ്പെടാനുള്ളതായിരുന്നു. സെപ്തംബറില്‍ സ്റ്റാഫ് കോളേജ് പരീക്ഷ എഴുതിയെടുത്ത ശേഷം തൃപ്തിയെയും കൊണ്ട് ബിനിഗുരിയിലെ തന്റെ 2/1 GR യൂണിറ്റിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു മേജര്‍.
Discussion about this post