ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭൂചലനം. പുലര്‍ച്ചെ 5.36 നാണ് റിക്ടര്‍ സ്കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായത്. ശക്തമായ പ്രകമ്പനവും വലിയ ശബ്ദവുമുണ്ടായതായതായാണ് പ്രദേശവാസികള്‍ പറയുന്നത്. ഡല്‍ഹിയില്‍ പ്രഭവ കേന്ദ്രമായി തുടങ്ങിയ ഭൂചലനം ഉത്തരേന്ത്യയിലുടനീളം വ്യാപിക്കുകയായിരുന്നുവെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.
അതേ സമയം 5 കിലോമീറ്റര്‍ മാത്രമായിരുന്നു ഭൂചലനത്തിന്റെ ആഴം. ഭൂചലനത്തെ തുടര്‍ന്ന് ഡല്‍ഹി, നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ ബഹുനില കെട്ടിടങ്ങളിലെ താമസക്കാര്‍ വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടി. ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം, ഡല്‍ഹിയില്‍ ഉണ്ടായ ഭൂചലനത്തിന്റെ നടുക്കത്തിലാണ് നഗരവാസികള്‍. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ദില്ലി വിമാനത്താവളത്തിന് സമീപമുള്ള ധൗല കുവയിലാണെന്ന് വിദഗ്ധര്‍ അറിയിച്ചു. ഇവിടെയുള്ള ദുര്‍ഗഭായി ദേശ്മുഖ് കോളേജിന് അഞ്ചു കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നും നിലവില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നുമാണ് വിദഗ്ധര്‍ അറിയിക്കുന്നത്.
ഭൂചലനത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ കുറിച്ചു. സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കാനും പ്രധാനമന്ത്രി നിര്‍ദേശം നല്കി.
Discussion about this post