ബംഗളുരു: കര്‍ണാടകയില്‍ ഏഴ് വയസുകാരന്റെ മുറിവില്‍ തുന്നലിടുന്നതിന് പകരം ഫെവി ക്വിക്ക് പശ കൊണ്ട് ഒട്ടിച്ചെന്ന പരാതിയില്‍ നഴ്‌സിനെ സസ്‌പെന്റ് ചെയ്തു.
സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ കമ്മീഷണറുടെ റിപ്പോര്‍ട്ട് പ്രകാരം, മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവാദമില്ലാത്ത പശയായ ഫെവിക്വിക്ക് ദ്രാവകം കുട്ടിയുടെ ചികിത്സയ്ക്ക് ഉപയോഗിച്ചതിനാണ് നടപടി. ഹാവേരി ജില്ലയിലെ ഹനഗല്‍ താലൂക്കിലുള്ള ആടൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ജനുവരി 14നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.
ആദ്യം തന്നെ പ്രാഥമിക അന്വേഷണം നടത്തി നഴ്‌സിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. കവിളിലേറ്റ ആഴത്തിലുള്ള മുറിവുമായാണ് ഏഴ് വയസുകാരന്‍ ഗുരുകിഷന്‍ അന്നപ്പ ഹൊസമണിയെ മാതാപിതാക്കള്‍ ഹെല്‍ത്ത് സെന്ററില്‍ കൊണ്ടുവന്നത്. എന്നാല്‍ മുറിവില്‍ തുന്നലിട്ടാല്‍ മുഖത്ത് മാറാത്ത പാടുണ്ടാവുമെന്ന് പറഞ്ഞ് നഴ്‌സ് ഫെവി ക്വിക്ക് ഉപയോഗിച്ച് ഒട്ടിച്ചു. ആശങ്ക അറിയിച്ച മാതാപിതാക്കളോട് താന്‍ വര്‍ഷങ്ങളായി ഇത് ചെയ്യുന്നതാണെന്നും നഴ്‌സ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കള്‍ ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതാണ് നടപടിക്ക് വഴിവെച്ചത്.
സസ്‌പെന്‍ഷന് പകരം നഴ്‌സിനെ അതേ ജില്ലയിലെ മറ്റൊരു ആശുപത്രിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് ഫെബ്രുവരി 3ന് ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇത് കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.
Discussion about this post