സൂറത്ത്: ഭക്ഷണം കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി. വരന്‍ പിന്‍മാറിയതോടെ വധു പോലീസില്‍ പരാതി നല്‍കി. ഇതോടെ സ്റ്റേഷനില്‍ വെച്ച് പോലീസ് ഇരുവരുടേയും വിവാഹം നടത്തുകയായിരുന്നു. ഗുജറാത്തിലെ സൂറത്തില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.
ബിഹാര്‍ സ്വദേശികളായ രാഹുല്‍ പ്രമോദും അഞ്ജലി കുമാരിയും തമ്മിലുള്ള വിവാഹമായിരുന്നു ഞായറാഴ്ച. സൂറത്തിലെ ലക്ഷ്മി ഹാളില്‍വെച്ചായിരുന്നു ചടങ്ങുകള്‍. മണ്ഡപത്തില്‍ വിവാഹച്ചടങ്ങുകള്‍ നടന്ന് കൊണ്ടിരിക്കെ അതിഥികള്‍ക്കായി തയ്യാറാക്കിയ ഭക്ഷണം തികഞ്ഞില്ല. ഇതോടെ വരന്റെ ബന്ധുക്കള്‍ ചടങ്ങുകള്‍ പെട്ടെന്ന് നിര്‍ത്തിവെക്കുകയായിരുന്നു.
ഏതാണ്ടെല്ലാ ചടങ്ങുകളും പൂര്‍ത്തിയായിരുന്നെങ്കിലും പരസ്പരം മാല കൈമാറല്‍ നടന്നിരുന്നില്ല. ഇതോടെ വധു അഞ്ജലി പോലീസില്‍ പരാതി നല്‍കി. രാഹുലിന് വിവാഹത്തില്‍ താത്പര്യമുണ്ടെന്നും കുടുംബമാണ് എതിര്‍ക്കുന്നതെന്നും യുവതി പോലീസില്‍ പരാതിപ്പെട്ടതോടെ പോലീസ് ഇരു കൂട്ടരെയും സ്റ്റേഷനില്‍ വിളിപ്പിച്ച് കൗണ്‍സിലിങ് നടത്തി. തുടര്‍ന്ന് സ്റ്റേഷനില്‍വെച്ചുതന്നെ മാല കൈമാറല്‍ ചടങ്ങ് നടത്തുകയായിരുന്നു.
Discussion about this post