ചെന്നൈ: കൃഷ്ണഗിരിയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് ദാരുണാന്ത്യം. മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 5.30ന് ആയിരുന്നു സംഭവം. ബംഗളുരു ചെന്നൈ ഹൈവേയില്‍ വെച്ചാണ് അപകടമുണ്ടായത്.
മാഹാരാഷ്ട്രയില്‍ നിന്ന് സവാളയുമായി ചെന്നൈയിലേക്ക് വരികയായിരുന്ന ലോറിക്ക് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. റോഡിലെ മീഡിയന് മറികടന്ന് മറുവശത്തെത്തിയ ലോറി രണ്ട് വാഹനങ്ങളുമായി കൂട്ടിയിടിച്ചു. ആന്ധ്രയില്‍ നിന്ന് കന്നുകാലികളുമായി വരികയായിരുന്ന ഒരു ലോറിയും ആന്ധ്രയില്‍ നിന്നുതന്നെ കൃഷ്ണഗിരിയിലേക്ക് വരികയായിരുന്ന മറ്റൊരു ട്രക്കുമാണ് അപകടത്തില്‍പ്പെട്ടത്.
സവാളയുമാി വരികയായിരുന്ന വാഹനത്തിലുണ്ടായിരുന്ന രണ്ട് പേര് തല്‍ക്ഷണം മരിച്ചു. കന്നുകാലികളെ കയറ്റിയ ട്രക്കിലുണ്ടായിരുന്ന രണ്ട് പേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഈ ട്രക്കിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെല്ലാം അപകടനില തരണം ചെയ്തിട്ടുണ്ട്. പത്തിലേറെ കന്നുകാലികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. അപകട വിവരം ലഭിച്ച ഉടന്‍ തന്നെ പൊലീസും അഗ്നിശമന സേനയും ഉള്‍പ്പെടെയുള്ളവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
Discussion about this post