മദ്യപിച്ച് ലക്കുകെട്ട യുവാവ് 3 പശുക്കളുടെ അകിട് അറുത്തുമാറ്റി, അറസ്റ്റ്

ബംഗളൂരു: കര്‍ണാടകയിലെ ചാമരാജ്‌പേട്ടില്‍ മദ്യപിച്ച് ലക്കുകെട്ട യുവാവ് പശുക്കളുടെ അകിട് അറുത്തുമാറ്റി. സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചാമരാജ്‌പേട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് മൂന്ന് പശുക്കളെ ഇയാള്‍ ആക്രമിച്ചത്. സംഭവത്തില്‍ 30 കാരനായ സയിദ്ദ് നസ്‌റു എന്നയാളാണ് അറസ്റ്റിലായിട്ടുള്ളത്.

ബീഹാറിലെ ചമ്പാരന്‍ സ്വദേശിയാണ് ഇയാളെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിങ്കളാഴ്ച രാവിലെ അറസ്റ്റിലായ ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പശുക്കളെ ആക്രമിച്ചത് വലിയ രീതിയിലെ പ്രതിഷേധത്തിന് കാരണമായതിന് പിന്നാലെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടനടി നടപടി സ്വീകരിക്കാനും കുറ്റവാളിയെ കണ്ടെത്താനും ബെംഗളൂരു പൊലീസ് കമ്മീഷണര്‍ ബി ദയാനന്ദയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

Exit mobile version