അഹമ്മദാബാദ്: ആശങ്ക ഉയര്‍ത്തി ഗുജാറത്തില്‍ അജ്ഞാത രോഗം പടരുന്നതായി റിപ്പോര്‍ട്ട്. ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ലഖ്പതിലാണ് രോഗം പടരുന്നത്. പനിയ്ക്ക് സമാനമായ രീതിയില്‍ പടരുന്ന രോഗം ബാധിച്ച് 15 പേര്‍ മരിച്ചു. കഴിഞ്ഞ 8 ദിവസത്തിനിടെയാണ് 15 മരണങ്ങളും സംഭവിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 3നും 7നും ഇടയിലാണ് 10 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് ശേഷം 5 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായി. മരിച്ചവരില്‍ കുട്ടികള്‍ ഉള്‍പ്പെടെയുണ്ട്.
അതേസമയം, ദിവസങ്ങള്‍ പിന്നിട്ടിട്ടും രോഗത്തിന്റെ കാരണമോ ഉറവിടമോ കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. രോഗം ബാധിച്ച് മരിച്ച 11 പേരുടെ സാമ്പിളുകള്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കുമെന്നും ഇതോടെ ഏത് തരം വൈറസാണ് രോഗത്തിന് കാരണമായതെന്ന് കണ്ടെത്താനാകുമെന്നും ജില്ലാ കളക്ടര്‍ അമിത് അരോറ അറിയിച്ചു. നിലവില്‍ പടരുന്ന രോഗം എച്ച്1എന്‍1, മലേറിയ, ഡങ്കിപ്പനി, പന്നിപ്പനി എന്നിവ അല്ലെന്ന് പരിശോധനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.