മദ്യനയ അഴിമതിക്കേസ്: കെജരിവാളിന്റെ ജാമ്യം സ്റ്റേ ചെയ്തു; ഇന്ന് പുറത്തിറങ്ങാനാകില്ല

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് എതിരായ മദ്യനയ അഴിമതിക്കേസിൽ ജാമ്യത്തിന് താൽക്കാലിക സ്റ്റേ. ഡൽഹി ഹൈക്കോടതിയുടേതാണ് നടപടി. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഹൈക്കോടതി സ്റ്റേ അനുവദിക്കുകയുമായിരുന്നു.

ഇഡിയുടെ ഹർജി പരിഗണിക്കുന്നതുവരെയാണ് ജാമ്യത്തിന് സ്റ്റേ നൽകിയിരിക്കുന്നത്. ഇന്നലെയാണ് കേസിൽ ഡൽഹിയിലെ റൗസ് അവന്യു കോടതി കെജരിവാളിന് ജാമ്യം അനുവദിച്ചത്. അതേസമയം, കോടതിയുടെ സ്റ്റേ ഉത്തരവ് വന്ന സാഹചര്യത്തിൽ കെജരിവാളിന് ഇന്ന് ജയിലിന് പുറത്തിറങ്ങാൻ സാധിക്കില്ല.

അരവിന്ദ് കെജരിവാളിനെതിരെ ഇതുവരെ ഒരു തെളിവുകളും സമർപ്പിക്കാൻ ഇഡിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നു കെജരിവാളിന്റെ അഭിഭാഷകൻ ഇന്നലെ റൗസ് അവന്യു കോടതിയിൽ വാദിച്ചിരുന്നു. കെജരിവാളിനെതിരെ ഇഡി ആരോപിക്കുന്ന മുഴുവൻ കാര്യങ്ങളും മാപ്പുസാക്ഷിയായവരുടെ മൊഴി മാത്രം അടിസ്ഥാനമാക്കിയിട്ടുള്ളതാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ കെജരിവാളിന് ജാമ്യം അനുവദിക്കുന്നത് അന്വേഷണ നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ഇഡിയുടെ വാദം.

ALSO READ-ആൻജിയോഗ്രാം മെഷീൻ കേടായത് അറിയിച്ചില്ല; നെഞ്ചുവേദനയുമായി മണിക്കൂറുകൾ കാത്തിരുന്നു;യുവാവിനെ മരണത്തിലേക്ക് തള്ളിവിട്ട് സ്വകാര്യ ആശുപത്രി; ആരോപണം

ആരോപണങ്ങളല്ലാതെ കെജരിവാളിനെതിരെ കോടതിയിൽ അനുബന്ധ തെളിവുകൾ സമർപ്പിക്കാൻ ഇ ഡിയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിക്കുകയും തുടർന്ന് ജാമ്യം അനുവദിക്കുകയായിരുന്നു. ഇക്കഴിഞ്ഞ മാർച്ച് 21നാണ് മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കെജരിവാൾ അറസ്റ്റിലാകുന്നത്.

Exit mobile version