മാനസികമായി പീഡിപ്പിക്കുന്നു, മക്കളെ കാണാന്‍ അനുവദിക്കുന്നില്ല: മുന്‍ ഭാര്യയ്‌ക്കെതിരെ പരാതിയുമായി നടന്‍ നിതീഷ് ഭരദ്വാജ്

ഭോപ്പാല്‍: മുന്‍ ഭാര്യയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി നടന്‍ നിതീഷ് ഭരദ്വാജ്. മധ്യപ്രദേശ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥയായ സ്മിത ഭരദ്വാജിനെതിരെയാണ് താരം പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഏറെ നാളായി സ്മിത തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് താരം പരാതിയില്‍ പറയുന്നു. കുട്ടികളെ കാണാന്‍ അനുവദിക്കുന്നില്ലെന്നും നിതീഷ് പറയുന്നു. മഹാഭാരതം സീരിയലില്‍ ശ്രീകൃഷ്ണനായി വേഷമിട്ട് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന നടനാണ് നിതീഷ് ഭരദ്വാജ്. പത്മരാജന്‍ ചിത്രം ഞാന്‍ ഗന്ധര്‍വനിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ്.

നടന്റെ ആദ്യഭാര്യയിലെ രണ്ട് കുട്ടികള്‍ അമ്മയോടൊപ്പമാണ് കഴിയുന്നത്. മോനിഷ പട്ടേല്‍ ആണ് ആദ്യ ഭാര്യ. 1991ല്‍ വിവാഹിതരായ ഇവര്‍ 2005ല്‍ വേര്‍പിരിഞ്ഞു. പിന്നീട് 2009ല്‍ ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന സ്മിത ഗേറ്റിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ചു.


ഭോപ്പാല്‍ പോലീസ് കമ്മീഷണര്‍ ഹരിനാരായണാചാരി മിശ്രക്കാണ് താരം പരാതി നല്‍കിയത്. മുന്‍ ഭാര്യ തന്നെ മാനസികമായി പീഡിപ്പിക്കുക മാത്രമല്ല തന്റെ ഇരട്ട പെണ്‍മക്കളെ കാണാന്‍ അനുവദിക്കുന്നില്ലെന്നും താരം പറഞ്ഞു. നിതീഷ് ഭരദ്വാജിന്റെ പരാതിയില്‍ ഭോപ്പാല്‍ പോലീസ് കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അഡീഷനല്‍ ഡിസിപി ശാലിനി ദീക്ഷിതിനാണ് അന്വേഷണ ചുമതല.

12 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് നിതീഷ് ഭരദ്വാജും ഭാര്യ സ്മിതയും വേര്‍പിരിയുന്നത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. സുഹൃത്തുക്കളിലൂടെ പരസ്പരം പരിചയപ്പെട്ട നിതീഷും സ്മിതയും 2009 മാര്‍ച്ച് 14നാണ് വിവാഹിതരാകുന്നത്. പതിനൊന്ന് വയസുള്ള ഇരട്ട പെണ്‍കുട്ടികള്‍ക്ക് ഇവര്‍ ജന്മം നല്‍കി. 2022ല്‍ നിയമപരമായി വിവാഹമോചനം നേടാനുള്ള നടപടികളിലേക്ക് കടന്നു. വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് പെണ്‍മക്കളോടൊപ്പം സ്മിത ഇന്‍ഡോറിലേക്ക് താമസം മാറ്റിയിരുന്നു.

ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു നിതീഷ് വിവാഹമോചനത്തെക്കുറിച്ച് പ്രതികരിച്ചത്. 2019 സെപ്റ്റംബറിലാണ് നിതീഷ് ഡിവോഴ്സ് കേസ് ഫയല്‍ ചെയ്തത്. വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ താല്‍പര്യമില്ലെന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്. അതേസമയം, മരണത്തേക്കാള്‍ വേദനാജനകമാണ് വേര്‍പിരിയല്‍ എന്നും നിതീഷ് പറഞ്ഞിരുന്നു.

Exit mobile version