ന്യൂഡല്‍ഹി: അനധികൃത മണല്‍ വാരല്‍ വിഷയത്തില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ച സമാജ് വാദി പാര്‍ട്ടി (എസ്പി) തലവന്‍ അഖിലേഷ് യാദവിനെ ആശ്വസിപ്പിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. അഖിലേഷിനെ ഫോണ്‍ വിളിച്ച മായാവതി, ആശങ്കപ്പെടേണ്ടതില്ലെന്നും ഇത്തരം ഗൂഢാലോചനകള്‍ക്കെതിരേ പൊരുതണമെന്നും ആവശ്യപ്പെട്ടു.
ബിജെപിയുടെ രാഷ്ട്രീയ വിരോധമാണ് കേസിനു പിന്നിലെന്നും കോണ്‍ഗ്രസിനെപ്പോലെ തന്നെ ബിജെപിയും എതിരാളികളെ കുടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുകയാണെന്നും അവര്‍ ഫോണ്‍ സംഭാഷണത്തില്‍ കുറ്റപ്പെടുത്തി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി കക്ഷികള്‍ ഒന്നിച്ചു മത്സരിക്കാന്‍ കഴിഞ്ഞ ദിവസം ധാരണയായിരുന്നു. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനെ സംബന്ധിച്ച് ഇതേവരെ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നാണു പാര്‍ട്ടി നേതാക്കള്‍ പറയുന്നത്.
അനധികൃത മണല്‍ വാരല്‍ വിഷയത്തില്‍ സിബിഐ കഴിഞ്ഞ ദിവസം പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍) സമര്‍പ്പിച്ചിരുന്നു. അഖിലേഷ് യാദവിനെ ഇതുമായി ബന്ധപ്പെട്ട് ആദ്യം ചോദ്യം ചെയ്യും. ഐഎഎസ് ഓഫീസര്‍ ബി. ചന്ദ്രകല, എസ്പി നേതാവ് രമേഷ് കുമാര്‍, ബിഎസ്പിയിലെ സഞ്ജയ് ദീക്ഷിത് തുടങ്ങിയവരുടെ വീടുകളും ഓഫീസുകളുമടക്കം 14 സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി.
Discussion about this post