ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ 95.20 മാര്‍ക്ക് നേടി ആസിഡ് ആക്രമണത്തിന്റെ ഇര. പതിനഞ്ചുകാരി കാഫിയാണ് അതിജീവനത്തിലും മികച്ച വിജയം നേടിയിരിക്കുന്നത്. ചത്തീസ്ഗഢ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ബ്ലൈന്‍ഡിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കൂടിയാണ് കാഫി.
കാഫിക്ക് മൂന്ന് വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് ബുധന ജില്ലയിലെ അയല്‍വാസികള്‍ കാഫിയുടെ മുഖത്ത് ആസിഡൊഴിക്കുന്നത്. മുഖത്തും കാലിലുമേറ്റ ഗുരുതര പരിക്കുകള്‍ കാഫിയെ അന്ധയാക്കി. എന്നാല്‍, തോറ്റുകൊടുക്കാന്‍ കാഫി തയ്യാറായില്ല. അവള് അവളുടെ പരിശ്രമം തുടര്‍ന്നു കൊണ്ടേയിരുന്നു.
ആസിഡ് ആക്രമണത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസിലാണ് കാഫിയെ പ്രവേശിപ്പിക്കുന്നത്. വായും കൈയും മുഴുവനായി പൊള്ളലേറ്റിരുന്നു. ഡോക്ടര്‍മാരുടെ കഠിനപരിശ്രമത്തിലാണ് അവള് ജീവന് വീണ്ടെടുക്കുന്നത്. എന്നാല്‍, കാഴ്ചശക്തി വീണ്ടെടുക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ല.
ജീവിതകാലം മുഴുവന്‍ ഇരുട്ടാകുമെന്ന് കുഞ്ഞ് കാഫി മനസ്സിലാക്കി. മകള്‍ക്ക് നീതിക്കായി കാഫിയുടെ അച്ഛന് പോരാടി. തുടര്‍ന്ന് ആക്രമണം നടത്തിയവര്‍ക്ക് രണ്ടു വര്‍ഷത്തെ തടവ് കോടതി വിധിച്ചു. ശിക്ഷ പൂര്‍ത്തിയാക്കിയ ഇവര്‍ ഇപ്പോള്‍ സ്വതന്ത്ര്യരാണ്. ഇതും കുടുംബത്തെ ഭയപ്പെടുത്തുന്നുണ്ട്.
എട്ടു വയസ്സ് പ്രായമുള്ളപ്പോഴാണ് കാഫി ഹിസാറിലെ ബ്ലൈന്‍ഡ് സ്കൂളില്‍ ചേരുന്നത്. ഒന്നും രണ്ടും ക്ലാസുകള്‍ അവിടെ പൂര്‍ത്തിയാക്കി. മതിയായ സൗകര്യങ്ങളില്ലാത്തതിനാല്‍ ചത്തീസ്ഗഢിലേക്ക് കാഫിയുടെ കുടുംബം താമസം മാറ്റി. ചത്തീസ്ഗഢിലെ സെക്രട്ടേറിയറ്റില്‍ പ്യൂണാണ് കാഫിയുടെ അച്ഛന്. സൗകര്യങ്ങള്‍ക്ക് പരിമിതിയുണ്ടായിരുന്നുവെങ്കിലും കാഫിയുടെ ആഗ്രഹങ്ങള്‍ക്ക് പരിധിയില്ലായിരുന്നു.
പഠനത്തില്‍ മിടുക്കിയായതിനാല്‍ ചത്തീസ്ഗഢിലെ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ബ്ലൈന്‍ഡില്‍ ആറാം ക്ലാസിലേക്ക് കാഫിക്ക് അഡ്മിഷന് ശരിയായി. ഐഎഎസ് ഓഫീസറായി തന്റെ കുടുംബത്തെ ഉന്നതങ്ങളിലെത്തിക്കണമെന്നാണ് കാഫിയുടെ ആഗ്രഹം. കാഫിയുടെ ഇതുവരെയുള്ള നേട്ടങ്ങളില്‍ അച്ഛന് പവനും അമ്മയും സന്തുഷ്ടനാണ്.
Discussion about this post