അസാം സര്‍ക്കാര്‍ അക്കൗണ്ട് കാലി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളുടെ ചെക്ക് മടങ്ങി

ഗുവാഹത്തി: അസാം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് നല്‍കിയ ചെക്കുകള്‍ മടങ്ങിയതായി പരാതി. വെള്ളിയാഴ്ച പണമെടുക്കാന്‍ ഹാജരാക്കിയപ്പോഴാണ് ചെക്കുകള്‍ മടങ്ങിയത്. എട്ട് പുരസ്‌കാര ജേതാക്കള്‍ ഒമ്പത് ചെക്കുകളാണ് ബാങ്കില്‍ നല്‍കിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പുരസ്‌കാര ചടങ്ങ്.

‘ഞാന്‍ വെള്ളിയാഴ്ച ചെക്ക് സമര്‍പ്പിച്ചു. പിന്നാലെ ചെക്ക് മടങ്ങിയതായി ബാങ്കില്‍ നിന്നും അറിയിച്ചു. ഉടന്‍ തന്നെ ഞാന്‍ സംഘാടകരെ വിളിച്ചു, മതിയായ ബാലന്‍സ് ഇല്ലെന്ന് അവര്‍ പറഞ്ഞു’, അവാര്‍ഡ് ജേതാവ് അപരാജിത പൂജാരി പറഞ്ഞതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2018ലെ മികച്ച രചനയ്ക്കുള്ള സംസ്ഥാന പുരസ്‌കാരമാണ് പൂജാരി നേടിയത്.
അമൃത് പ്രീതം (സൗണ്ട് ഡിസൈന്‍), ദേബജിത് ചാങ്മൈ (സൗണ്ട് മിക്സിംഗ്), പ്രഞ്ജല്‍ ദേക (സംവിധാനം), ദേബജിത് ഗയാന്‍ (സൗണ്ട് ഡിസൈനും മിക്സിംഗും), ബെഞ്ചമിന്‍ ഡൈമറി (അഭിനയം) തുടങ്ങിയ പ്രമുഖ സിനിമാ താരങ്ങള്‍ക്ക് കൈമാറിയ ചെക്കുകളും മടങ്ങിയതായാണ് റിപ്പോര്‍ട്ട്.

Read Also: ഭര്‍ത്താവ് വയ്യാതിരിക്കുമ്പോള്‍ ഭാര്യയോട് ‘ഐ ലവ് യു’ പറയുന്നത് എന്ത് കണ്ടിട്ടാണ്? മോശം അനുഭവം നേരിട്ടത് വെളിപ്പെടുത്തി എലിസബത്ത്

അസാം സ്റ്റേറ്റ് ഫിലിം ഫിനാന്‍സ് ആന്‍ഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ് (എഎസ്എഫ്എഫ്ഡിസി) സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങ് സംഘടിപ്പിക്കുന്നത്. ചെക്കുകളില്‍ കള്‍ച്ചറല്‍ അഫയേഴ്‌സ് ഡയറക്ടറാണ് ഒപ്പിട്ടിരിക്കുന്നത്.

‘സാങ്കേതിക കാരണത്താല്‍ ചെക്കുകള്‍ ബൗണ്‍സ് ചെയ്തത്. ആദ്യ ദിവസം 18 ലക്ഷം രൂപയുടെ ചെക്കുകള്‍ ക്ലിയര്‍ ചെയ്തു, എന്നാല്‍ രണ്ടാം ദിവസം എട്ട് പേരുടെ ഒമ്പത് ചെക്കുകള്‍ മടങ്ങി’ എഎസ്എഫ്എഫ്ഡിസി ഔദ്യോഗികമായി അറിയിച്ചു.

തകരാര്‍ പരിഹരിച്ചതായും എട്ട് പേരോടും ചെക്ക് ശനിയാഴ്ച ബാങ്കില്‍ വീണ്ടും നല്‍കാന്‍ അറിയിച്ചതായും എഎസ്എഫ്എഫ്ഡിസി വ്യക്തമാക്കി. സംഭവത്തില്‍ ഉടന്‍ അന്വേഷണം നടത്താന്‍ സാംസ്‌കാരിക മന്ത്രി ബിമല്‍ ബോറ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

Exit mobile version