ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു: 12 വാഹനങ്ങള്‍ ആസിഡൊഴിച്ച് കത്തിച്ച് യുവാവിന്റെ പ്രതികാരം

നോയിഡ: ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന് 12 വാഹനങ്ങള്‍ ആസിഡൊഴിച്ച് നശിപ്പിച്ച് യുവാവിന്റെ പ്രതികാരം. അമന്‍ രാംരാജ് എന്നയാളാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന് പ്രതികാരമായി വാഹനങ്ങള്‍ നശിപ്പിച്ചത്. പ്രതിക്കെതിരെ പോലീസ് കേസ് എടുത്തു.

നോയിഡയിലെ ഒരു ഗ്രൂപ്പ് ഹൗസിംഗ് സൊസൈറ്റിയില്‍ കാര്‍ ക്ലീനറായിരുന്നു അമന്‍. മാര്‍ച്ച് 15നാണ് സംഭവം നടന്നത്. ജോലിയിലെ അതൃപ്തി കാരണം പിരിച്ചുവിടുകയായിരുന്നു. എന്നാല്‍, ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ പിറ്റേദിവസം സൊസൈറ്റിയില്‍ തിരിച്ചെത്തിയ ഇയാള്‍ പന്ത്രണ്ടോളം കാറുകളില്‍ ആസിഡ് ഒഴിച്ച് നശിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതിലൂടെ അമന്‍ ആണ് സംഭവത്തിന് പിന്നിലെന്ന് തെളിവും ലഭിച്ചു.

ഒളിവിലായിരുന്ന അമനെ സൊസൈറ്റിയുടെ സുരക്ഷാ ജീവനക്കാര്‍ കണ്ടെത്തുകയും പിടികൂടി തിരികെ സൊസൈറ്റില്‍ എത്തിക്കുകയും ചെയ്തു. ഇതിന് പിന്നാലെ അപ്പാര്‍ട്ട്‌മെന്റ് ഉടമകളുടെ അസോസിയേഷന്‍ പോലീസില്‍ പരാതി നല്‍കി. തനിക്ക് മറ്റൊരാള്‍ ആസിഡ് നല്‍കി കാറുകളില്‍ നാശം വരുത്താന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പോലീസിനോട് അമന്‍ പറഞ്ഞിരിക്കുന്നത്.

Exit mobile version