ചെന്നൈ: ക്ഷേത്രോത്സവത്തിനിടെ ജനറേറ്ററില്‍ മുടി കുടുങ്ങി 13 വയസ്സുകാരി മരിച്ചു. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. സര്‍ക്കാര്‍ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ എസ് ലാവണ്യയാണ് കൊല്ലപ്പെട്ടത്.
ലാവണ്യയും ഇളയ സഹോദരന് ഭുവനേഷും (9) അവരുടെ മുത്തച്ഛനും മുത്തശ്ശിയുമായ കാണ്ഡീപന്‍, ലത എന്നിവര്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. കാണ്ഡീപന്‍ ഗ്രാമത്തലവനാണെന്നാണ് അറിയുന്നത്. ഞായറാഴ്ച രാത്രിയായിരുന്നു ഗ്രാമത്തിലെ ക്ഷേത്രോത്സവം.
പ്രതിഷ്ഠയെ ആളുകള്‍ രഥത്തില്‍ കയറ്റുമ്പോള്‍ ഡീസല്‍ ജനറേറ്റര്‍ ഘടിപ്പിച്ച കാളവണ്ടി രഥത്തിന്റെ പിന്‍ഭാഗത്ത് വച്ചിരുന്നു. രാത്രി 10 മണിയോടെ ജനറേറ്ററിന് സമീപം ഇരുന്ന ലാവണ്യയുടെ മുടി ജനറേറ്ററില്‍ കുടുങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഉച്ചഭാഷിണിയുടെ ശബ്ദം കാരണം ലാവണ്യയുടെ നിലവിളി ആരും കേട്ടില്ല.
പിന്നീട് ജനറേറ്റര്‍ ഓഫായപ്പോഴാണ് കുട്ടിയുടെ നിലവിളി ആളുകള്‍ കേട്ടത്. ഉടന്‍ തന്നെ ലാവണ്യയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെനിന്ന് ശേഷം കാഞ്ചീപുരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ ലാവണ്യയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തിങ്കളാഴ്ച ലാവണ്യ മരണത്തിന് കീഴടങ്ങി.
മഗറല്‍ പോലീസ് കേസെടുത്ത് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. ജനറേറ്റര്‍ ഓപ്പറേറ്റര്‍ മുനുസാമിയെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. ചൊവ്വാഴ്ച ലാവണ്യയുടെ സംസ്കാര ചടങ്ങ് നടന്നു. മൂന്ന് വര്‍ഷം മുമ്പ് ലാവണ്യയുടെ അമ്മയും മരിച്ചിരുന്നു. അച്ഛന് ശരവണന് ചെന്നൈയിലാണ് ജോലി ചെയ്യുന്നത്.
Discussion about this post