ലിങ്ക് തുറക്കരുത്! ബാങ്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്ത നടി നഗ്മയ്ക്ക് പണം നഷ്ടം

മുംബൈ: സൈബർ ബാങ്കിംഗ് തട്ടിപ്പിന് ഇരയായി നടിയും കോൺഗ്രസ് നേതാവുമായ നഗ്മ. താരത്തിന്റെ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപയാണു നഷ്ടമായത്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങൾ (കെവൈസി) അപ്‌ഡേറ്റ് ചെയ്യാനായി ഫോണിൽ വന്ന എസ്എംഎസിലെ ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോഴാണ് നഗ്മയ്ക്കും പണം നഷ്ടമായത്.

നേരത്തെ സമാനമായ രീതിയിൽ നിരവധി പേർക്ക് പണം നഷ്ടമായിരുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ തന്റെ മൊബൈൽ ഫോണിന്റെ റിമോട്ട് ആക്‌സസ് തട്ടിപ്പുകാർക്ക് ലഭിക്കുകയായിരുന്നുവെന്ന് പിന്നീട് നഗ്മ വ്യക്തമാക്കി.

ബാങ്ക് അക്കൗണ്ടിൽ ലോഗിൻ ചെയ്ത തട്ടിപ്പുകാർ ഒരു ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. തുടർന്നും ഒന്നിലധികം ഒടിപികൾ ലഭിച്ചെങ്കിലും ആരുമായും അവ പങ്കുവച്ചിട്ടില്ലെന്ന് നടി പറഞ്ഞു. സന്ദേശം ബാങ്ക് അയച്ചതെന്ന് കരുതിയാണ് ക്ലിക്ക് ചെയ്തത്. അപരിചിത നമ്പറിൽ നിന്നല്ല, സാധാരണ ബാങ്കുകൾ അയയ്ക്കുന്ന രീതിയിലായിരുന്നു മെസേജെന്നും താരം പറയുന്നു. പണം നഷ്ടമായതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായതെന്നും നടി പറഞ്ഞു.

also read- ബ്രഹ്‌മപുരത്ത് ആറടി താഴ്ചയിൽ തീ; ശ്രമം മാലിന്യം ഇളക്കി തീ അണയ്ക്കാൻ; പുക നിയന്ത്രണവിധേയമാക്കാൻ എപ്പോൾ സാധിക്കുമെന്ന് പറയാനാകില്ല: മന്ത്രി പി രാജീവ്

നേരത്തെ നടി മാളവിക (ശ്വേത മേമൻ) തട്ടിപ്പിനിരയായ വാർത്ത വന്നതിന് പിന്നാലെയാണ് നഗ്മയും പരാതി നൽകിയത്. അതേസമയം, ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമായിരിക്കെ ജാഗ്രത വേണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Exit mobile version