ജീവൻ രക്ഷിച്ചയാളെ കൂടെ നിന്ന് സ്‌നേഹിച്ച് ഈ ഇണങ്ങാത്ത സാരസ് പക്ഷി; കൂടെ തന്നെ സഞ്ചാരം; വിചിത്രം ഈ സൗഹൃദം

ലഖ്നൗ: ഒരു അപകടത്തിൽ നിന്നും തന്നെ രക്ഷിച്ചയാളെ എങ്ങനെ മറക്കുമെന്നാണ് ഈ ജീവിയും ചോദിക്കുന്നത്. മനുഷ്യരെ വെല്ലുന്ന സ്‌നേഹമാണ് ഒരു പക്ഷി തന്നെ രക്ഷിച്ചയാളോട് കാണിക്കുന്നത്. സംഭവം ഉത്തർപ്രദേശിലാണ്.

ഗുരുതരമായി കാലിന് പരിക്കേറ്റ സാരസ് കൊക്കിനെ സംരക്ഷിച്ചതോടെയാണ് ആരിഫ് എന്ന മുപ്പതുകാരന് പുതിയൊരു സുഹൃത്തിനെ കൂടി കിട്ടിയത്. തന്റെ ജീവൻ തന്നെ രക്ഷിച്ച ആരിഫിന്റെ ഏറ്റവും വലിയ സുഹൃത്താണ് ഇന്ന് ഈ സാരസ് പക്ഷി. ഇരുവരും ഒരുമിച്ച് സഞ്ചരിക്കുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിലും വൈറലായിരിക്കുകയാണ്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ആരിഫ് കാലിന് പരിക്കേറ്റ നിലയിൽ സാരസ് കൊക്കിനെ ആദ്യം കണ്ടെത്തിയത്. അന്ന് മറ്റൊന്നും ആലോചിക്കാതെ വേദനയിൽ പുളയുന്ന പക്ഷിയെ ആരിഫ് ഒപ്പം കൂട്ടി ശുശ്രൂഷിച്ചു. വീടിന് പുറത്തു കെട്ടിയ ഷെഡ് രൂപത്തിലുള്ള ഔട്ട്ഹൗസിൽ താമസിപ്പിച്ച് ഭക്ഷണമൊക്കെ നൽകി ആരിഫ് സംരക്ഷിച്ചതോടെ ഏതാനും ദിവസങ്ങളെടുത്ത് സാരസ് കൊക്കിന് കാലിന് പറ്റിയ പരിക്ക് പതിയെ മാറുകയായിരുന്നു. ആരോഗ്യം വീണ്ടെടുത്ത കൊക്കിനെ ആരിഫ് തിരികെ തുറന്നുവിടുകയും ചെയ്തു.

പൊതുവെ മനുഷ്യരുമായി ഇണങ്ങാത്ത അൽപം വലിയ പക്ഷിയാണ് സാരസ് കൊക്കുകൾ. അതുകൊണ്ടുതന്നെ തുറന്നുവിട്ടപ്പോൾ സാരസ് കൊക്ക് തിരികെ വരില്ലെന്നാണ് ആരിഫ് കരുതിയത്. എന്നാൽ എല്ലാവരേയും അത്ഭുതപ്പെടുത്തി സാരസ് കൊക്ക് തിരികെ വരികയായിരുന്നു.

ALSO READ- അതിദാരിദ്ര്യം! വാഹനമില്ലാതെ പത്തനംതിട്ടയിലെ കളക്ടറും ഡെപ്യൂട്ടി കളക്ടർമാരും; കളക്ടറുടെ സഞ്ചാരം സബ് കളക്ടറുടെ വാഹനത്തിൽ ഔദ്യോഗിക ചിഹ്നങ്ങളില്ലാതെ!

അന്നുതൊട്ട് സാരസ് പക്ഷി ആരിഫിന്റെ കൂടെ കൂടി. എവിടെ പോയാലും ഒപ്പം കൂടും. പകൽ മുഴുവൻ പക്ഷി പറന്ന് മറ്റെവിടെയെങ്കിലും പോയാലും നേരമിരുട്ടിയാൽ തിരികെ ആരിഫിന്റെ വീട്ടിലെത്തും. ജോലി കഴിഞ്ഞ് മടങ്ങിയെത്തുന്ന ആരിഫിനൊപ്പമാണ് രാത്രി ഭക്ഷണം കഴിക്കൽ.

കൊടുക്കുന്നതെന്തും കഴിക്കുന്ന പ്രകൃതക്കാരനാണ് ആളെന്ന് ആരിഫ് പറയുന്നു. ഹാർവസ്റ്റിങ് ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ആരിഫ് സ്‌കൂട്ടറിൽ പോകുമ്പോൾ പിന്നാലെ പറക്കുന്ന സാരസ് കൊക്ക് ഇന്ന് ഗ്രാമീണർക്ക് പതിവ് കാഴ്ചയാണ്. അതേസമയം, ആരിഫിനെ അല്ലാതെ മറ്റാരേയും ഈ കൊക്ക് അടുപ്പിക്കാറില്ല. ആരിഫിന്റെ കുടുംബാംഗങ്ങളെ പോലും ഭക്ഷണം നൽകാൻ ഈ പക്ഷി അനുവദിക്കാറില്ല. ചിറകുള്ള പക്ഷികളിൽ ഏറ്റവും വലിയ ശരീരമുള്ള പക്ഷിയാണ് സാരസ് കൊക്കുകൾ.

Exit mobile version