ഗൂഡല്ലൂർ: പുള്ളിപ്പുലി സ്കൂട്ടറിന് നേരെ ചാടി നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. നെറ്റിയിലും വലതുകൈക്കും ഇടതുകാലിനും പരിക്കേറ്റ 18കാരിയായ കമ്മാത്തിയിലെ സുശീലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, പെൺകുട്ടിയുടെ പേരിൽ വനംവകുപ്പ് കേസെടുത്തിരിക്കുകയാണ്.
ഗൂഡല്ലൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ ബി.ബി.എസ്. വിദ്യാർഥിയായ പെൺകുട്ടി നവംബർ 30-ന് രാത്രി എട്ടരയോടെ സ്കൂട്ടറിൽ വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. സുശീല നിലവിൽ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തെത്തുടർന്ന് പുള്ളിപ്പുലിയെ നിരീക്ഷിക്കുന്നതിനായി ക്യാമറകൾ വനംവകുപ്പ് സ്ഥാപിച്ചിരുന്നു.
എന്നാൽ, പുലിയെ കണ്ടെത്താൻ കഴിയാതായതോടെ, പെൺകുട്ടി തെറ്റായ പ്രചാരണം നടത്തിയെന്നാരോപിച്ചാണ് അധികൃതർ നടപടി സ്വീകരിച്ചത്. ഗൂഡല്ലൂർ റെയ്ഞ്ചറാണ് പോലീസിൽ പരാതി നൽകിയത്. എന്നാൽ, ഈ ഭാഗത്ത് നാലുപേരെ പുലി ഓടിച്ചതായി നേരത്തേ പോലീസ് റിപ്പോർട്ട് നൽകിയിരുന്നു. വനംവകുപ്പിന്റെ നിരുത്തരവാദ നടപടിക്കെതിരേ ജനപ്രതിനിധികളും ചില സംഘടനകളും ഗൂഡല്ലൂർ ആർ.ഡി.ഒ.യ്ക്ക് പരാതി നൽകുകയും ചെയ്തു.
Discussion about this post