മോര്‍ബി പാലം തകര്‍ന്ന് 135 ജീവനുകള്‍ പൊലിഞ്ഞത് പോലും വോട്ടാക്കി ബിജെപി; അഴിമതി ചര്‍ച്ചയാക്കാനാകാതെ കോണ്‍ഗ്രസ് പരാജയം; പഠിക്കണം ബിജെപിയുടെ തന്ത്രം!

അഴിമതിയില്‍ തകര്‍ന്ന പാലം 135 ജീവനുകള്‍ കവര്‍ന്നത് പോലും ചര്‍ച്ചയായില്ല; മോര്‍ബി മണ്ഡലത്തിലും ബിജെപിക്ക് വിജയം

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരാളികളെ നാമവശേഷമാക്കി വന്‍ വിജയം. കോണ്‍ഗ്രസും ആം ആദ്മിയും നിസാര സീറ്രുകളില്‍ ഒതുങ്ങിയതോടെ 156 സീറ്റുകള്‍ പിടിച്ചാണ് ബിജെപി വലിയ വിജയം കൊയ്തത്.

ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണ് ചരിത്രം തിരുത്തിയുള്ള ഈ വന്‍വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. കോണ്‍ഗ്രസ് അടിപതറിയ തെരഞ്ഞെടുപ്പില്‍ വിവാദമായ വിഷയങ്ങള്‍ പോലും ചര്‍ച്ചയാക്കാന്‍ സാധിക്കാതെ പോയതും ബിജെപി വിജയം അനായാസമാക്കി.

മോര്‍ബിയിലുണ്ടായ തൂക്കുപാലം ദുരന്തം ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഒരു ചലനവുമുണ്ടാക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നത് എങ്കിലും ഒന്നും സംഭവിച്ചില്ല. മോര്‍ബി മണ്ഡലത്തില്‍ പോലും ബിജെപി മികച്ച ജയമാണ് നേടിയത്.

രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി ബിജെപി മോര്‍ബി ദുരന്ത സമയത്ത് രക്ഷാ പ്രവര്‍ത്തനത്തിനായി വെള്ളത്തിലേക്ക് എടുത്ത് ചാടിയ നേതാവിനെ പിടിച്ച് സ്ഥാനാര്‍ത്ഥിത്വം നല്‍കുകയായിരുന്നു.

ഇതോടെ 135 പേരുടെ ജീവനെടുത്ത ദുരന്തത്തെ മറച്ച് ബിജെപിയുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം മാത്രം ചര്‍ച്ചയായി. ഇത്രയേറെ സാധാരണക്കാരുടെ ജീവന്‍കവര്‍ന്നത് ഭരണകര്‍ത്താക്കളുടെ പിടിപ്പുകേടാണെന്ന് ഉയര്‍ത്തി കാണിക്കാന്‍ പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസിന് പോലും സാധിച്ചില്ല.

also read- ഗുജറാത്തിലെ ക്ഷീണം തീര്‍ത്ത് ഹിമാചലില്‍ കേവല ഭൂരിപക്ഷം കടന്ന് കോണ്‍ഗ്രസ്; ജയിക്കുന്ന എംഎല്‍എമാരെ ചണ്ഡീഗഢിലേക്ക് മാറ്റും!

മോര്‍ബി തൂക്കുപാലം തകര്‍ന്ന് വീണ് നൂറിലേറെ ജീവനുകള്‍ നഷ്ടമായത് അഴിമതിയും കെടുകാര്യസ്ഥതയും കാരണമാണെന്ന് ചര്‍ച്ചയായെങ്കിലും ജനങ്ങളെ പുകമറയയ്ക്കുള്ളില്‍ നിര്‍ത്തി, ദുരന്തത്തില്‍ സര്‍ക്കാരിനെ പ്രതികൂട്ടില്‍ നിന്നും രക്ഷപ്പെടുത്താന്‍ ബിജെപിക്ക് സാധിച്ചു.

മോര്‍ബിയില്‍ പോലും ബിജെപിയെ അറുപതിനായിരത്തിലേറെ ഭൂരിപക്ഷത്തിന് ജയിച്ചത് കോണ്‍ഗ്രസിന്റെ വലിയ പരാജയമാണ് കാണിക്കുന്നത്.

ദുരന്ത സമയത്ത് രക്ഷാ ദൗത്യത്തിനായി ഇറങ്ങി വൈറലായ വ്യക്തിയാണ് ബിജെപി സ്ഥാനാര്‍ഥി കാന്തിലാല്‍ അമൃതിയ. സ്ഥലത്തെ മുന്‍ എംഎല്‍എയുമാണ്. 2017ല്‍ കോണ്‍ഗ്രസിന്റെ ബ്രിജേഷ് മെര്‍ജയോട് തോറ്റിരുന്നു.

എന്നാല്‍ മെര്‍ജ കൂറുമാറിയ ബിജെപിയിലെത്തുകയും ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച് മന്ത്രിയുമായി മാറിയിരുന്നു. ഇതിനിടെ സംഭവിച്ച മോര്‍ബി ദുരന്തം തിരിച്ചടിയാവും എന്ന് മനസിലാക്കിയ ബിജെപി മെര്‍ജയ്ക്ക് പകരം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ കാന്തിലാലിനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു.

ഗുജറാത്തിലെ ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രത്തെ തന്നെ മാറ്റി എഴുതിയാണ് ആകെയുള്ള 182ല്‍ 158 സീറ്റുകളും പിടിച്ചെടുത്ത് ബിജെപി ഭരണതുടര്‍ച്ച നേടിയത്. ഏഴാം തവണയാണ് ബിജെപി ഭരണത്തിലേറുന്നത്.

ALSO READ- 150ഓളം സീറ്റുകള്‍! ചരിത്ര വിജയം നേടി ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താന്‍ ബിജെപി; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; വോട്ട് ചോര്‍ത്തി ആപ്പിന് മുന്നേറ്റം

അതേസമയം, കഴിഞ്ഞതവണത്തെ 77 സീറ്റ് കടന്ന നേട്ടം വെറും 16 സീറ്റുകളിലേക്ക് ഒതുങ്ങിയതോടെ കോണ്‍ഗ്രസ് നേരിട്ടത് വലിയ തിരിച്ചടിയാവുകയായിരുന്നു. അതേസമം, തിങ്കളാഴ്ച ഭൂപേന്ദ്ര പട്ടേല്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യും.

Exit mobile version