ശ്വാസം മുട്ടിച്ചു കൊന്നു,ഹൃദയാഘാതമെന്ന് വീട്ടുകാരെ അറിയിക്കും; കാമുകന് അയച്ച സന്ദേശം തെളിവായി; അച്ഛനെ അമ്മ കൊലപ്പെടുത്തിയതെന്ന് തെളിയിച്ച് മകള്‍ ശ്വേത

മുംബൈ: പിതാവിന്റെ മരണത്തിന് ഉത്തരവാദി അമ്മയും കാമുകനുമാണെന്ന് തെളിയിച്ച് മകള്‍. സ്വാഭാവിക മരണമെന്ന നിലയില്‍ എല്ലാവരും എഴുതി തള്ളിയ മരണമാണ് മകളുടെ സമയോചിതമായ ഇടപെടലില്‍ കൊലയെന്ന് തെളിഞ്ഞത്.

മഹാരാഷ്ട്രയിലെ ചന്ദ്രപുരിലാണ് സംഭവം. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് മരണപ്പെട്ടത്. ഇയാളുടെ മരണം ഹൃദയാഘാതം മൂലമാണ് എന്നായിരുന്നു ഭാര്യ ബന്ധുക്കളെ എല്ലാം ധരിപ്പിച്ചിരുന്നത്. എന്നാല്‍, ഭര്‍ത്താവിന്റെ മരണത്തിന് ഉത്തരവാദി താനാണെന്ന് ഭാര്യ രഞ്ജന രാംതെക് അവരുടെ കാമുകനോട് ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. കാമുകന്‍ മുകേഷ് ത്രിവേദിയോട് സംസാരിക്കുന്ന സംഭാഷണം പുറത്തെത്തിയതോടെയാണ് കൊലപാതകം തെളിഞ്ഞത്.

സംഭവത്തിന് പിന്നാലെ രഞ്ജനയെ പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് ആറിനായിരുന്നു സംഭവം. ഉറങ്ങുകയായിരുന്ന ഭര്‍ത്താവിനെ രഞ്ജന, തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കുറ്റസമ്മതം.

പിറ്റേന്ന് രാവിലെ ബന്ധുക്കളെ വിളിച്ച് ഹൃദയാഘാതം മൂലം ഭര്‍ത്താവ് മരിച്ചെന്നു അറിയിച്ചു. പിന്നാലെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. ഇതിനിടെ ഇവര്‍ കാമുകനെ വിളിച്ച്, ഞാന്‍ അയാളെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചു. രാവിലെ ബന്ധുക്കളെ വിളിച്ച് മരണവിവരം അറിയിക്കും. അയാള്‍ക്ക് ഹൃദയാഘാതം ഉണ്ടായെന്ന് പറയും-എന്ന് അറിയിച്ചിരുന്നു.

ALSO READ- പാളത്തിൽ വിള്ളൽ; അലറി വിളിച്ച് ചുവന്ന കൊടി ഉയർത്തി വീശി പാളത്തിലൂടെ ഓടി! അടിച്ചുതല്ലി വീണിട്ടും എഴുന്നേറ്റ് വീണ്ടും പാഞ്ഞു; കീ മാൻ ശ്രീകുമാറിന്റെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

അച്ഛന്റെ മരണത്തിന് ശേഷം മൂന്ന് മാസത്തിനുശേഷം മകള്‍ ശ്വേത അമ്മയെ കാണാനെത്തിയിരുന്നു. ഈ സമയത്ത് ഫോണ്‍ വിളിക്കാനായി അമ്മയുടെ ഫോണ്‍ എടുത്തപ്പോഴാണ് ഇതില്‍ റെക്കോര്‍ഡ് ആയ ശബ്ദരേഖ കണ്ടെടുത്തത്. പിന്നാലെ, ശബ്ദരേഖയുമായി ശ്വേത പോലീസ് സ്റ്റേഷനിലെത്തി. ഈ ശബ്ദരേഖ കേട്ട പോലീസ്, രഞ്ജനയെയും മുകേഷിനെയും വിളിപ്പിച്ച് ചോദ്യം ചെയ്യുകയായിരുന്നു. ഈ ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു.

Exit mobile version