വളര്‍ത്തുനായയുടെ ആക്രമണത്തിനിരയായ സ്ത്രീയ്ക്ക് 2 ലക്ഷം രൂപ നഷ്ടപരിഹാരം: 11 ഇനം നായകളെ പൂര്‍ണമായും നിരോധിക്കാനും ഉത്തരവ്

ഗുരുഗ്രാം: വളര്‍ത്തുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീയ്ക്ക് 2 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നല്‍കാന്‍ ഗുരുഗ്രാം മുനിസിപ്പല്‍ കോര്‍പ്പറേഷ (എംസിജി)നോട് ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം. എംസിജിക്ക് വേണമെങ്കില്‍ ഈ നഷ്ടപരിഹാര തുക നായ ഉടമയില്‍ നിന്ന് ഈടാക്കാമെന്നും ഫോറം അറിയിച്ചു.

കഴിഞ്ഞ ആഗസ്ത് 11നാണ് സ്ത്രീക്ക് വളര്‍ത്തുനായയുടെ കടിയേറ്റത്. വീട്ടുജോലിക്കാരിയായ മുന്നി ജോലിക്ക് പോകുമ്പോള്‍ വിനിത് ചികര എന്നയാളുടെ വളര്‍ത്തുനായ ആക്രമിക്കുകയായിരുന്നു. തലയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റ മുന്നിയെ ഗുരുഗ്രാമിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിന്നീട് വിദഗ്ധ ചികിത്സക്കായി ഡല്‍ഹിയിലെ സംഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സിവില്‍ ലൈന്‍ പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. ‘ഡോഗോ അര്‍ജന്റീനോ’ ഇനത്തില്‍ പെടുന്നതാണ് തന്റെ നായയെന്ന് ഉടമ പിന്നീട് അറിയിക്കുകയായിരുന്നു.

നായയെ കസ്റ്റഡിയിലെടുക്കണമെന്നും നായയെ വളര്‍ത്താനുള്ള ഉടമയുടെ ലൈസന്‍സ് റദ്ദാക്കണമെന്നും ഫോറം എംസിജിക്ക് നിര്‍ദേശം നല്‍കി. 11 വിദേശ ഇനത്തില്‍ പെട്ട നായകളെ നിരോധിക്കാനും തെരുവുനായകളെ ഷെല്‍റ്ററിലേക്ക് മാറ്റാനും ഫോറം ഉത്തരവിട്ടു.

Read Also: മന്തി റൈസ് കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ സംഭവം: പാലക്കാട്ടെ ഹോട്ടല്‍ അടച്ചുപൂട്ടി

കേസില്‍ ഇരയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സന്ദീപ് സൈനി ഉപഭോക്തൃ സംരക്ഷണ നിയമം 2019 പ്രകാരം ഉപഭോക്തൃ കോടതിയില്‍ നല്‍കിയ പരാതിയില്‍ 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുകയും എംസിജി, നായ ഉടമ നീതു, ചികര എന്നിവരെ കക്ഷി ചേര്‍ക്കുകയും ചെയ്തിരുന്നു.

എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷം ഉപഭോക്തൃ കോടതി ചൊവ്വാഴ്ച ജില്ലയില്‍ അപകടകാരികളായ 11 ഇനം നായകളെ പൂര്‍ണമായും നിരോധിക്കുന്നതിനുള്ള ഉത്തരവിനൊപ്പം ഇരയ്ക്ക് ഇടക്കാല നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവും പുറപ്പെടുവിക്കുകയായിരുന്നു.

അമേരിക്കന്‍ പിറ്റ്-ബുള്‍ ടെറിയറുകള്‍, ഡോഗോ അര്‍ജന്റീനോ, റോട്ട്വീലര്‍, നെപ്പോളിറ്റന്‍ മാസ്റ്റിഫ്, ബോയര്‍ബോല്‍, പ്രെസ കാനാരിയോ, വുള്‍ഫ് ഡോഗ്, ബാന്‍ഡോഗ്, അമേരിക്കന്‍ ബുള്‍ഡോഗ്, ഫില ബ്രസീലീറോ, കെയ്ന്‍ കോര്‍സോ തുടങ്ങി 11 വിദേശ ഇനത്തില്‍ പെട്ട നായകളെ വളര്‍ത്തുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഈ നായകളെ വളര്‍ത്തുന്നതിന് മുന്‍പ് ലൈസന്‍സ് നല്‍കിയിട്ടുണ്ടെങ്കില്‍ അവ റദ്ദാക്കാനും എംസിജിക്ക് നിര്‍ദേശം നല്‍കി.

Exit mobile version