‘ജന്മദിനാശംസകള്‍…ഈ ദിവസം ആഘോഷിക്കൂ’; സാനിയയ്ക്ക് ജന്മദിനാശംസ നേര്‍ന്ന് ഷുഹൈബ്

ന്യൂഡല്‍ഹി: വിവാഹമോചന വാര്‍ത്തയ്ക്കിടെ സാനിയയ്ക്ക് ജന്മദിനാശംസ നേര്‍ന്ന് ഷുഹൈബ് മാലിക്ക്. സാനിയ മിര്‍സയും പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കും വിവാഹ മോചിതരാകുകയാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇരുവരും ഇപ്പോള്‍ താമസം ഒരുമിച്ചല്ലെന്നും മകന്‍ ഇസ്ഹാന്‍ മിര്‍സ മാലിക്കിന് വേണ്ടിയാണ് കൂടിക്കാഴ്ച്ചകളെന്നും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു.

എന്നാല്‍ ഇതിനിടയിലാണ് പ്രിയതയ്ക്ക് ഷുഹൈബ് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്. ‘ജന്മദിനാശംസകള്‍, സന്തോഷകരവും ആരോഗ്യപ്രദവുമായ ജീവിതം നേരുന്നു. ഈ ദിവസം ആഘോഷിക്കൂ’-ഷുഹൈബ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഒപ്പം സാനിയയെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഈ ആശംസയോട് സാനിയ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഇരുവരും ഒരുമിച്ച് ഷോ ചെയ്യുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു.

നേരത്തെ സാനിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു സ്റ്റോറിയാണ് വിവാഹ മോചന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ‘തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ട് പോകുന്നു, ദൈവത്തെ കണ്ടെത്താന്‍’-എന്നാണ് സാനിയ സ്റ്റോറിയില്‍ കുറിച്ചത്. ഇതിന് പിന്നാലെ ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയായിരുന്നു. എന്നാല്‍ എന്താണ് ഇങ്ങനെയൊരു സ്റ്റോറിയുടെ പിന്നിലെ കാരണമെന്ന് സാനിയ ഇതുവരെ പ്രതികരിച്ചിട്ടില്ല

Read Also: അഞ്ചുലക്ഷം കൊടുക്കുമോ! ബെറ്റ് വച്ച നിഥിനെ കോഴിക്കോടെത്തി കണ്ട് ഒമര്‍ ലുലു

2010 ഏപ്രിലിലാണ് സാനിയയും ഷുഹൈബും വിവാഹിതരായത്. 2018 ഒക്ടോബര്‍ 30-ന് ഇരുവര്‍ക്കും കുഞ്ഞ് പിറന്നു. മകന്‍ ഇസ്ഹാന്‍ മിര്‍സ മാലിക്കിന്റെ നാലാം പിറന്നാള്‍ ആഘാഷത്തില്‍ സാനിയയും ഷുഹൈബും ഒരുമിച്ചുണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ ചിത്രങ്ങള്‍ ഷുഹൈബ് മാത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

നേരത്തെ ഇസ്ഹാന്‍ മിര്‍സ മാലിക്കിനൊപ്പമുള്ള ഒരു ചിത്രം സാനിയ പങ്കുവെച്ചിരുന്നു. സാനിയയുടെ മൂക്കില്‍ ഇസ്ഹാന്‍ ചുംബിക്കുന്നതായിരുന്നു ചിത്രം. ‘ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന ദിനങ്ങള്‍’ എന്നായിരുന്നു സാനിയ ക്യാപ്ഷന്‍ കുറിച്ചത്.

Exit mobile version