ഒഡിഷ: മദ്യം വാങ്ങാന്‍ ഓഫീസ് സാമഗ്രികള്‍ വിറ്റ് മുടിച്ച പ്യൂണ്‍ ഒടുവില്‍ പിടിയില്‍.
ഒഡിഷയിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസിലാണ് സംഭവം. പഴയ ഓഫീസിലായിരുന്നു
പ്യൂണിന്റെ അതിക്രമം. രണ്ട് വര്‍ഷം മുമ്പാണ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറിയത്. ഓഫീസ് മാറിയതോടെ പഴയ ഓഫീസിലേക്ക് ആരും പോവാതെയുമായി. പഴയ ഓഫീസ് കൈകാര്യം ചെയ്യാന്‍ പ്യൂണ്‍ എം പീതാംബറിനെയും ചുമതലപ്പെടുത്തി.
അതിനിടെ ഒരു ഉദ്യോഗസ്ഥന്‍ ഒരു ഫയല്‍ തപ്പി പഴയ ഓഫീസിലേക്ക് ചെന്നപ്പോഴായിരുന്നു ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത്. ഓഫീസിന് വാതിലില്ല, ജനാലകളില്ല, അകത്ത് മേശകളോ അലമാരകളോ ഒന്നുമില്ല. കെട്ടിപ്പൂട്ടി വെച്ചിരുന്ന പതിറ്റാണ്ടുകളായുള്ള ഫയല്‍ കൂമ്പാരവും അവിടെ കാണാനില്ല!
അതോടെ ഇദ്ദേഹം മേലധികാരികളെ വിവരമറിയിക്കുകയായിരുന്നു. പോലീസില്‍ പരാതി നല്‍കി, പോലീസ് പ്യൂണിനെ അറസ്റ്റ് ചെയ്തപ്പോഴാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്. സംഭവിച്ചത് ഇങ്ങനെ, മദ്യപിക്കാനുള്ള വക തേടിയാണ് പ്യൂണ്‍ ഈ അതിക്രമം ചെയ്തത്. പഴയ ഓഫീസിലെ ഫയലുകളടക്കം ഇയാള്‍ കണ്ണില്‍ കണ്ടതെല്ലാം അടുത്തുള്ള ആക്രി കച്ചവടക്കാര്‍ക്ക് തൂക്കി വിറ്റു. രണ്ടു കൊല്ലമായി ഇതാണ് പതിവെന്നും പ്യൂണ്‍ പോലീസിനോട് പറഞ്ഞു.
ഫയലുകള്‍ കൂടാതെ 35 അലമാരകള്‍, 10 കസേരകള്‍, നാല് മേശകള്‍ തുടങ്ങിയതൊക്കെ ഇയാള്‍ അടുത്തുള്ള ആക്രിക്കച്ചവടക്കാര്‍ക്ക് വിറ്റു. രണ്ടു വര്‍ഷമായി ഓരോ സാധനങ്ങളായി ഇയാള്‍ തൂക്കി വില്‍ക്കുകയായിരുന്നു. കിട്ടിയ കാശിനെല്ലാം മദ്യപിച്ച് ഫിറ്റായി ഓഫീസില്‍ തന്നെ കിടക്കുകയും ചെയ്തതായി പോലീസിനോട് ഇയാള്‍ സമ്മതിച്ചു.
സംഭവത്തില്‍ പ്യൂണിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ സസ്പെന്റ് ചെയ്തതായും വകുപ്പുതല അന്വേഷണം ആരംഭിച്ചതായും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. സംഭവത്തില്‍ മൂന്ന് ആക്രി കച്ചവടക്കാരെയും അറസ്റ്റ് ചെയ്തു.
Discussion about this post