‘വല്ലാത്ത നോവ്’; കുടിവെള്ളം എടുത്തതിന് അധ്യാപകന്റെ മർദ്ദനത്തിന് ഇരയായി ദളിത് വിദ്യാർത്ഥി മരണപ്പെട്ടു; പ്രതിഷേധിച്ച് എംഎൽഎ രാജിവെച്ചു

ജയ്പുർ: രാജസ്ഥാനിലെ അധ്യാപകന്റെ മർദനമേറ്റ് ദലിത് വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് എംഎൽഎ രാജിവച്ചു. അത്രു മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎ പനചന്ദ് മേഘ്വാൾ ആണ് രാജിവച്ചത്. രാജിക്കത്ത് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കൈമാറി.

സ്‌കൂളിൽ ഉയർന്ന ജാതിക്കാർക്കു വേണ്ടി കുടിവെള്ളം സൂക്ഷിച്ച പാത്രത്തിൽ തൊട്ടെന്ന് ആരോപിച്ച് അധ്യാപകൻ ക്രൂരമായി മർദിച്ചാണ് ജലോർ ജില്ലയിലെ സുരാന ഗ്രാമത്തിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാർഥി ഇന്ദ്രകുമാർ മേഘ്വാൾ (9) മരിച്ചത്. അധ്യാപകൻ ചായിൽ സിങ്ങിനെ (40) കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.

ദാരുണ സംഭവത്തിൽ താൻ അതീവ ദുഃഖിതനാണെന്ന് എംഎൽഎ രാജിക്ക് പിന്നാലെ പ്രതികരിച്ചു. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്കു ശേഷവും ദലിതർ ആക്രമിക്കപ്പെടുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. മരിച്ച കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിനായി പോരാടുമെന്നും അദ്ദേഹം അറിയിച്ചു.

ALSO READ- അച്ഛൻ മടിയിൽ കിടന്ന് പിടഞ്ഞാണ് മരിച്ചത്; 3 കി.മീ പിന്നിട്ടപ്പോൾ തന്നെ ഓക്‌സിജൻ തീർന്നു; സമീപത്തെ ആശുപത്രിയിൽ ഡ്രൈവർ എത്തിച്ചില്ല; കണ്ണീർതോരാതെ രാജന്റെ കുടുംബം

‘സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്കിപ്പുറം ദലിതരെ ചൂഷണത്തിന് ഇരയാകുന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഇന്നും ദലിത് സമൂഹത്തിന് അവരുടെ അടിസ്ഥാന അവകാശങ്ങൾക്കായി പോരാടേണ്ട സ്ഥിതിയാണ്. ജലോറിലെ നിരപരാധിയായ കുട്ടിയുടെ മരണത്തിൽ ഞാൻ അതീവ ദുഃഖിതനാണ്. ഈ അടിച്ചമർത്തൽ തടയാൻ എനിക്ക് കഴിയുന്നില്ല,അതിനാൽ ഞാൻ എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നു.’ -എംഎൽഎ പനചന്ദ് മുഖ്യമന്ത്രിക്ക് അയച്ച രാജിക്കത്തിൽ പറഞ്ഞു.

കഴിഞ്ഞ മാസം 20ന് അധ്യാപകൻ മർദ്ദിച്ചതിനെ തുടർന്ന് മുഖത്തും ചെവിയിലും മർദനമേറ്റു ബാലൻ അബോധാവസ്ഥയിലായിരുന്നു. ഉദയ്പുരിലെ ആശുപത്രിയിൽ ഒരാഴ്ച ചികിത്സയ്ക്കുശേഷം അഹമ്മദാബാദിലേക്കു കൊണ്ടുപോയെങ്കിലും അവിടെ ചികിത്സയിലിരിക്കെ ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു.

Exit mobile version