ന്യൂഡല്‍ഹി : ഡല്‍ഹി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജീവ് ഖിര്‍വാറിനും വളര്‍ത്തുനായയ്ക്കും നടക്കാനായി ത്യാഗരാജ സ്റ്റേഡിയത്തില്‍ നിന്നും കായികതാരങ്ങളെ ഒഴിപ്പിക്കുന്നതായി പരാതി. പരിശീലനത്തിനെത്തുന്ന അത്ലറ്റുകളും കോച്ചുകളും ഏഴ് മണിക്ക് മുമ്പ് സ്റ്റേഡിയം വിടണമെന്ന് അധികൃതര്‍ ആവര്‍ത്തിക്കുന്നതായി ഇന്ത്യന്‍ എക്സപ്രസ് റിപ്പോര്‍ട്ട് ചെയ്തു.
നേരത്തേ ലൈറ്റിന് താഴെ 8.30 വരെ തങ്ങള്‍ പരിശീലിച്ചിരുന്നുവെന്നും എന്നാലിപ്പോള്‍ ഉദ്യോഗസ്ഥന് വളര്‍ത്തുനായയ്ക്കൊപ്പം നടക്കുന്നതിന് തങ്ങളോട് ഏഴ് മണിക്ക് തന്നെ സ്റ്റേഡിയം വിടാന്‍ ആവശ്യപ്പെടുകയാണെന്നുമാണ് പരിശീലകര്‍ അറിയിക്കുന്നത്. ഇതിനെത്തുടര്‍ന്ന് ഇന്ത്യന്‍ എക്സ്പ്രസ് മാധ്യമസംഘം മൂന്ന് ദിവസം നടത്തിയ നിരീക്ഷണത്തില്‍ ജീവനക്കാര്‍ ഏഴ് മണിക്ക് മുമ്പ് സ്റ്റേഡിയത്തില്‍ നിന്നെല്ലാവരെയും ഒഴിപ്പിക്കുന്നതായി കണ്ടെത്തി.
എന്നാല്‍ ആരോപണം പൂര്‍ണമായും തെറ്റാണെന്നാണ് ഖിര്‍വാര്‍ പ്രതികരിച്ചത്. 1994ലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ചിലപ്പോഴൊക്കെ താന്‍ വളര്‍ത്തു മൃഗത്തോടൊപ്പം നടക്കാനിറങ്ങാറുണ്ടെന്നും എന്നാല്‍ അത്ലറ്റുകളുടെ പരിശീലനം ഒരിക്കലും മുടക്കിയിട്ടില്ലെന്നുമാണ് ഇദ്ദേഹം പറയുന്നത്.
സ്റ്റേഡിയത്തില്‍ നിന്ന് ഏഴ് മണിക്ക് പറഞ്ഞു വിടുന്നതിനാല്‍ പലരും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലേക്ക് പരിശീലനം മാറ്റിയതായാണ് വിവരം. എന്തായാലും സംഭവം വിവാദമായതോടെ ഡല്‍ഹിയില്‍ സ്റ്റേഡിയങ്ങളിലെ പ്രവര്‍ത്തന സമയം പത്ത് മണി വരെ നീട്ടി നല്കി ഇന്ന് രാവിലെ സര്‍ക്കാര്‍ ഉത്തരവിറക്കി.
Discussion about this post