ഹൈദരാബാദ്: പ്രിയതമനെ കണ്മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയതിന്റെ ഞെട്ടലില്‍ നിന്നും അഷ്റിന് സുല്‍ത്താന ഇതുവരെ മുക്തയായിട്ടില്ല. ഇനിയൊരിക്കലും തിരിച്ചുവരില്ലെന്നറിഞ്ഞിട്ടും രാജുവിന്റെ ഓര്‍മ്മകളുറങ്ങുന്ന വീട്ടില്‍ ജീവിക്കാനാണ് അഷ്റിന്റെ തീരുമാനം. പ്രണയപ്പകയാണ് അഷ്റിന്റെ പ്രിയതമനെ കവര്‍ന്നത്.
ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന നാഗരാജുവും സുല്‍ത്താനയും ജനുവരിയില്‍ ആര്യസമാജ് മന്ദിറില്‍ വച്ചായിരുന്നു വിവാഹിതരായത്. വ്യത്യസ്ത മതങ്ങളില്‍ പെട്ടവരായതുകൊണ്ട് സുല്‍ത്താനയുടെ കുടുംബം വിവാഹത്തെ എതിര്‍ത്തിരുന്നു. കഴിഞ്ഞയാഴ്ചയാണ് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിലാണ് നാഗരാജു(25) എന്ന ദളിത് യുവാവിനെ അഷ്റിന്റെ സഹോദരനും കൂട്ടാളികളും നടുറോഡിലിട്ട് തല്ലിക്കൊന്നത്.
‘രാജു കളിച്ചുവളര്‍ന്ന വീടാണിത്, ഇവിടെ താമസിക്കുമ്പോള്‍ ഞാന്‍ രാജുവിനൊപ്പമുണ്ടെന്ന തോന്നലാണുള്ളത്’- രാജുവിന്റെ ഫോട്ടോ ചേര്‍ത്തുപിടിച്ച് അഷ്റിന് സുല്‍ത്താന വിതുമ്പി. താന്‍ മരിക്കുന്നത് വരെ നാഗരാജുവിന്റെ ഓര്‍മകളുമായി അദ്ദേഹത്തിന്റെ വീട്ടില്‍ തന്നെ കഴിയുമെന്നും അഷ്റിന് പറയുന്നു.
ഭര്‍ത്താവിന്റെ മരണ ശേഷമാണ് അഷ്റിന് ആദ്യമായി നാഗരാജുവിന്റെ സ്വന്തം വീട്ടിലെത്തുന്നത്. ഇനിയുള്ള കാലവും നാഗരാജുവിന്റെ കുടുംബത്തോടൊപ്പം ജീവിക്കാനാണ് അഷ്റിന്റെ തീരുമാനം. ‘ഭര്‍ത്താവില്ലാതെ ഒരുമിനിറ്റ് പോലും കഴിയാനാകില്ലെന്നാണ് ഞാന്‍ ഇതുവരെ കരുതിയിരുന്നത്. പക്ഷേ, ഞാന്‍ ഇപ്പോള്‍ ഈ വീട്ടിലാണ്. ഇവിടെയിരുന്ന് നിങ്ങളോട് സംസാരിക്കുന്നു. കാരണം എന്റെ സഹോദരനോട് അത്രയേറെ ദേഷ്യമുണ്ട്. എന്റെ ഭര്‍ത്താവ് എങ്ങനെ മരിച്ചുവോ അതുപോലെ അവരെല്ലാം കഷ്ടപ്പെടണമെന്നാണ് എന്റെ ആഗ്രഹം’- ഭര്‍ത്താവിന്റെ ഫോട്ടോ ചേര്‍ത്തുപിടിച്ച് അഷ്റിന് പറഞ്ഞു.
സെക്കന്തരാബാദിലെ മാറേഡ്പള്ളിയില്‍ താമസിക്കുന്ന നാഗരാജു പഴയ നഗരത്തിലെ മലക്പേട്ടിലെ ഒരു പ്രമുഖ കാര്‍ ഷോറൂമില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു. സ്കൂള്‍ പഠനകാലം മുതലാണ് ഇരുവരും പ്രണയത്തിലാകുന്നത്.
നേരത്തെ ഇസ്ലാം മതം സ്വീകരിച്ച ശേഷവും സഹോദരിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് നാഗരാജു സഹോദരനോട് പറഞ്ഞിരുന്നതായി അഷ്റിന് പറയുന്നു. എന്നാല്‍ ഇതിനും സഹോദരന് സമ്മതമായിരുന്നില്ലെന്നും അഷ്റിന് പറയുന്നു.
‘എന്റെ കുടുംബത്തില്‍ നിന്ന് എല്ലായ്പ്പോഴും ഭീഷണിയുണ്ടായിരുന്നു. പ്രശ്നം വഷളായതോടെ മറ്റൊരാളെ വിവാഹം കഴിക്കാന്‍ ഞാന്‍ രാജുവിനോട് പറഞ്ഞിരുന്നു. രണ്ടുമാസത്തോളം അവനെ കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കാന്‍ ശ്രമിച്ചു. ഒന്നുകില്‍ ഒരുമിച്ച് ജീവിക്കും അല്ലെങ്കില്‍ ഒരുമിച്ച് മരിക്കും എന്നായിരുന്നു അവന്റെ മറുപടി. എനിക്ക് വേണ്ടി മരിക്കാന്‍ വരെ തയ്യാറാണെന്നും അവന് പറഞ്ഞു. പക്ഷേ, ഇന്ന് ഞാന്‍ കാരണം എന്റെ ഭര്‍ത്താവിന് ജീവന് നഷ്ടമായി. മറ്റൊരാളെ വിവാഹം കഴിക്കാന്‍ അവനെ അനുവദിച്ചിരുന്നെങ്കില്‍ അവന് ഇന്ന് ജീവനോടെയുണ്ടായേനെ’- അഷ്റിന് എന്‍.ഡി.ടി.വി.യോട് പറഞ്ഞു.
‘ഞാനും ഭര്‍ത്താവും ബൈക്കില്‍ പോവുകയായിരുന്നു. ഒരു റോഡ് കടക്കാന്‍ വേണ്ടി അവന് ബൈക്കിന്റെ വേഗത അല്പം കുറച്ചു. ആ സമയത്താണ് പെട്ടെന്ന് രണ്ട് ബൈക്കുകള്‍ വന്നത്. അവര്‍ എന്റെ ഭര്‍ത്താവിനെ ബൈക്കില്‍നിന്ന് തള്ളിയിട്ടു. അതിലൊരാള്‍ എന്റെ സഹോദരനാണെന്ന് എനിക്ക് പോലും മനസിലായിരുന്നില്ല. പിന്നാലെ അവര്‍ രാജുവിനെ ഇരുമ്പ് വടി കൊണ്ട് മര്‍ദിക്കാന്‍ തുടങ്ങി. അവനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ സഹോദരന്റെ സുഹൃത്തുക്കള്‍ എന്നെ തള്ളി മാറ്റി. അവിടെ കൂടിയിരുന്നവരോടെല്ലാം ഞാന്‍ സഹായത്തിനായി കേണപേക്ഷിച്ചു.
പക്ഷേ, അവരെല്ലാം വീഡിയോ പകര്‍ത്തുക മാത്രമാണ് ചെയ്തത്. 10-15 മിനിറ്റിനിടെ ഇരുമ്പ് വടി കൊണ്ട് ഏകദേശം 35 തവണയാണ് ഭര്‍ത്താവിന്റെ തലയില്‍ അടിച്ചത്. രക്തത്തില്‍ കുളിച്ച അവന്റെ തലയില്‍ ഞാന്‍ തൊട്ടുനോക്കിയപ്പോള്‍ തലച്ചോര്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു. ഈ സമൂഹത്തെ വിശ്വസിച്ച്, അവരോട് സഹായം ചോദിച്ച് ഞാന്‍ എന്റെ സമയം പാഴാക്കിയെന്നാണ് എനിക്ക് തോന്നുന്നത്. ഒരു ഇരുപത് പേര് വന്നിരുന്നെങ്കില്‍ ആ നാലുപേരെ ആക്രമണത്തില്‍നിന്ന് തടയാമായിരുന്നു’- അഷ്റിന് പറഞ്ഞു- മരവിച്ച മനസ്സില്‍ നിന്നും നടുക്കത്തോടെ ആ രംഗങ്ങള്‍ അഷ്റിന് ഓര്‍ത്തെടുത്തു.
Discussion about this post