പഠിച്ചിറങ്ങിയ ഐഐടിയ്ക്കായി 100 കോടി; പൂര്‍വ്വവിദ്യാര്‍ഥിയുടെ സ്‌നേഹ സമ്മാനം

കാണ്‍പുര്‍: ജോലിക്കാരായ ശേഷം പഠിച്ചിറങ്ങിയ സ്ഥാപനങ്ങള്‍ക്കായി സംഭാവനകള്‍ നല്‍കാറുണ്ട് പലരും. അങ്ങനെ ഒരു വിദ്യാര്‍ഥി താന്‍ പഠിച്ചിറങ്ങിയ ഐഐടിയ്ക്കായി
100 കോടി രൂപ സംഭാവന നല്‍കിയിരിക്കുകയാണ്.

രാജ്യത്തെ പ്രമുഖ ടെക്‌നിക്കല്‍ വിദ്യാഭ്യാസ സ്ഥാപനമായ ഐഐടി കാണ്‍പുരിനാണ് പൂര്‍വ്വ വിദ്യാര്‍ഥിയായ രാകേഷ് ഗാങ്വാള്‍ ഇത്രയും തുക നല്‍കിയിരിക്കുന്നത്. ഐ.ഐ.ടി കാണ്‍പുര്‍ ഡയറക്ടര്‍ അഭയ് കരണ്ടികര്‍ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഐ.ഐ.ടിയിലെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ വികസനത്തിനായാണ് ഈ തുക സംഭാവന ചെയ്തിരിക്കുന്നത്.

രാജ്യത്തിനായി നിരവധി പ്രതിഭകളെ വാഗ്ദാനം ചെയ്ത ഐ.ഐ.ടി കാണ്‍പുരിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്നും അതിന്റെ പൈതൃകത്തില്‍ താന്‍ അഭിമാനിക്കുന്നുവെന്നും രാകേഷ് ഗാങ്വാള്‍ പറഞ്ഞു.

സംഭാവന ചെയ്ത 100 കോടി മുഴുവനായി കൈമാറിയിട്ടില്ല എന്നും രണ്ട് വര്‍ഷത്തെ കാലാവധിയിലാണ് മുഴുവന്‍ തുകയും കൈമാറുക എന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ വലിയൊരു ശതമാനം തുക ലഭിച്ചുകഴിഞ്ഞെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സഹസ്ഥാപകനാണ് രാകേഷ് ഗാങ്വാള്‍. നിലവില്‍ രാജ്യത്തെ വലിയ ആഭ്യന്തര വിമാന കമ്പനിയിലൊന്നാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. 2005 ല്‍ രാഹുല്‍ ഭാട്ടിയയും രാകേഷ് ഗാങ്വാളും ചേര്‍ന്നാണ് കമ്പനി സ്ഥാപിച്ചത്.

Exit mobile version