പട്ന: പോലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ചതിനെത്തുടർന്ന് അക്രമാസക്തരായ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ചു. കൂട്ട ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. റാം ജതൻ റായ് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് മരിച്ചത്. അക്രമികൾ മൂന്ന് പോലീസ് വാഹനങ്ങൾക്കും, രണ്ട് സ്വകാര്യ കാറുകൾക്കും, അഗ്നിശമന സേനയുടെ ഒരു വാഹനത്തിനും തീവെച്ചു.
കല്ലേറിലും വെടിവെപ്പിലും തീവെപ്പിലും ഒൻപത് പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലാണ് ദാരുണ സംഭവം. അനിരുദ്ധ യാദവ് എന്ന നാൽപ്പതുകാരനാണ് പോലീസ് കസ്റ്റഡിയിൽ മരിച്ചത്. ഹോളി ആഘോഷത്തിനിടെ ഡി.ജെ പാർട്ടിയിൽ അശ്ലീല പാട്ടുവച്ചതുമായി ബന്ധപ്പെട്ടാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
പോലീസ് സ്റ്റേഷനിൽവച്ച് ശനിയാഴ്ച കടന്നൽകുത്തേറ്റാണ് യുവാവ് മരിച്ചതെന്നാണ് പോലീസ് സംഭവത്തിൽ നൽകുന്ന വിശദീകരണം. എന്നാൽ ചോദ്യംചെയ്യലിനിടെ മർദ്ദനമേറ്റാണ് യുവാവ് മരിച്ചതെന്നാണ് ജനക്കൂട്ടത്തിൻറെ ആരോപണം. ഇതിന് പിന്നലെയാണ് ആളുകൾ സംഘമായെത്തി അക്രമം നടത്തിയത്.
അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പത്തിലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാപക അക്രമമാണ് അരങ്ങേറിയതെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post