ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി സൈനിക വേഷം ധരിച്ചതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിങ്.
ഇന്ത്യന്‍ സൈനികരോടൊപ്പം ദീപാവലി ആഘോഷിക്കാന്‍ പ്രധാനമന്ത്രി ഇന്ത്യന്‍ പട്ടാള വേഷത്തിലായിരുന്നു എത്തിയത്. ഇതിനെതിരെയായിരുന്നു ദിഗ്വിജയ് സിംഗ് രംഗത്തെത്തിയത്.
രാജ്യത്തെ ഏത് പൗരന്മാര്ക്കും, സൈന്യത്തില്‍ ഇല്ലാത്തവര്‍ക്കും സൈനിക വേഷം ധരിക്കാന്‍ സാധിക്കുമോ എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. ഇക്കാര്യം സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെയും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെയും ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ടായിരുന്നു ട്വീറ്റ്. ഇതില്‍ ഒരു വിശദീകരണം വേണമെന്നും അദ്ദേഹം ട്വീറ്റില്‍ ആവശ്യപ്പെട്ടു.
Can any Civilian, a non Army person dress up in Army Uniform? Would Gen Rawat or Raksha Mantri ji please clarify.
It used to take years to get defence equipment earlier: PM in J&K https://t.co/WLnfFXUJby
-via @inshorts— digvijaya singh (@digvijaya_28) November 5, 2021
ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ നൗഷേറ ജില്ലയില്‍ സൈന്യത്തോടൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം. 2016 മുതല്‍ സൈനികര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുന്നത്. എന്നാല്‍ 2017ലാണ് അദ്ദേഹം സൈനിക വേഷത്തില്‍ ആഘോഷത്തിന് എത്തുന്നത്. അധികാര മുദ്രകളൊന്നുമില്ലാത്ത സൈനിക വേഷമാണ് അദ്ദേഹം ധരിക്കുന്നത്. പ്രധാനമന്ത്രി ഇത്തരത്തില്‍ സൈനിക വേഷത്തില്‍ എത്തുന്നതിനെതിരെ നേരത്തെയും കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
‘ചിലപ്പോള്‍ അദ്ദേഹം ചായ വിഷപ്പനക്കാരനെ പോലെ വസ്ത്രം ധരിക്കുന്നു, ചിലപ്പോള്‍ 10 ലക്ഷത്തിന്റെ വസ്ത്രം ധരിക്കുന്നു, ചിലപ്പോള്‍ കാവല്‍ക്കാരനെ പോലെ, ചിലപ്പോള്‍ ഒരു സൈനികനെ പോലെ’ – പരിഹാസ രൂപേണ കോണ്‍ഗ്രസ് നേതാവ് താരീഖ് അന്‍വര്‍ ട്വീറ്റ് ചെയ്തു.
ഇത്രയും മഹത്തരമായ സൈനിക വേഷം ഒരു രാഷ്ട്രീയ നേതാവ് എങ്ങനെയാണ് ധരിക്കുന്നത് എന്ന ചോദ്യവുമായി യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹം ഒരു ചീഫോ, സൈനിക ഓഫീസറോ അല്ല. പിന്നെങ്ങനെയാണ് ഇത്തരത്തില്‍ സൈനിക വേഷം ധരിക്കുന്നത് എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ ചോദ്യം.
Discussion about this post